പേരാമ്പ്ര വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നിർമ്മാണ പുരോഗതി എംഎൽഎ ടി.പി.രാമകൃഷ്ണൻ വിലയിരുത്തി


പേരാമ്പ്ര: വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണ പ്രവൃത്തി ടി പി രാമകൃഷ്ണന്‍ എംഎല്‍എ വിലയിരുത്തി. മന്ത്രിയായിരിക്കെ ടി പി രാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അഞ്ചുകോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. 2020 മാര്‍ച്ചില്‍ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് റോഡിന്റെ നവീകരണം ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം നിർമാണം വഴിമുട്ടി.

എട്ടുമീറ്റർ വീതിയില്‍ റോഡ് വികസിപ്പിക്കാൻ സ്ഥലമുടമകൾ ഇരുവശത്തുനിന്നും ഭൂമി വിട്ടുനല്‍കി. ഇവയിലെ തെങ്ങ്, കവുങ്ങ് തുടങ്ങിയവ മുറിച്ചുമാറ്റിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. നിലവിലുള്ള റോഡ് കിളച്ചിട്ടതിനാൽ കാലവര്‍ഷം ആരംഭിച്ചതോടെ വാഹനഗതാഗതവും കാല്‍നടയാത്രയും അസാധ്യമായി. നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കാനിരിക്കെ മന്ത്രി പി.എ. മുഹമ്മദ് റിയാസും എംഎൽഎയും ഇടപെട്ടതോടെ പ്രവൃത്തി പുനരാരംഭിച്ചു.

റോഡ് നവീകരിക്കുന്നതിനാൽ വടക്കുമ്പാട് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അപകടകരമായ കയറ്റം ഇല്ലാതാവും. കെ ബാലന്‍, കിരണ്‍ ബാബു, എം കെ സുരേഷ് എന്നിവരും ഒപ്പമുണ്ടായി.