പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; കൂത്താളി, ചക്കിട്ടപ്പാറ, പേരാമ്പ്ര, കായണ്ണ എന്നീ പഞ്ചയാത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍, വിശദമായി പരിശോധിക്കാം ഈ പഞ്ചായത്തുകളില്‍ അനുവദനീയമായത് എന്തെല്ലാമെന്നും, നിയന്ത്രണങ്ങള്‍ എപ്രകാരമെന്നും
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നാല് പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, കായണ്ണ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണുകളായി മാറിയത്.
ഈ പഞ്ചായത്തുകളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് കായണ്ണ പഞ്ചായത്ത് മുഴുവനായി കണ്ടെയിന്‍മെന്റ് സോണായി തുടരുന്നത്.
മേല്‍പ്പറഞ്ഞ വാര്‍ഡുകളിലും പഞ്ചായത്തുകളിലും കര്‍ശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. കോവിഡ് പോസിറ്റീവായവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറന്റയിനില്‍ തുടരേണ്ടതാണ്. ഈ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്ന് ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടുള്ളതല്ല. ഇക്കാര്യം തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ്.
മേല്‍ പറഞ്ഞിരിക്കുന്ന പഞ്ചായത്തുകളിലും വാര്‍ഡുകളിലും ഉള്ള എല്ലാവരെയും ഒരാഴ്ചയ്ക്കകം കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് നടത്തേണ്ടതാണ്.
ഈ പഞ്ചായത്തുകളില്‍ അനുവദനീയമാത് എന്തെല്ലാമെന്നും, നിയന്ത്രണങ്ങള്‍ എപ്രകാരമെന്നും പരിശോധിക്കാം.
അനുവദനീയമായത്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, ആരോഗ്യവകുപ്പ്/പോലീസ്, ഹോം-ഗാര്‍ഡ്/ഫയര്‍ ആന്റ് റസ്‌ക്യൂ/എക്‌സൈസ്/റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്/ട്രഷറി/കെ.എസ്.ഇ.ബി/വാട്ടര്‍ അതോറിറ്റി പാല്‍ സംഭരണം വിതരണം/പാചകവാതകവിതരണം/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പൊതുവിതരണവകുപ്പ്/എടിഎം/ അക്ഷയ സെന്ററുകള്‍ (ഡികാറ്റഗറിയില്‍ പാടില്ല) എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.
ദുരന്തനിവാരണപ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം.
നിയന്ത്രണങ്ങള്‍
- ഉച്ചയ്ക്കു 2 വരെ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വില്‍പന മാത്രം അനുവദിക്കും.
- ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം.
- അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ.
- ഈ വാര്‍ഡുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും.
- എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
- രാത്രി 7 മുതല്‍ രാവിലെ 5 വരെ അടിയന്തര യാത്ര മാത്രമേ അനുവദിക്കൂ.
കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.