പേരാമ്പ്ര മുളിയങ്ങലില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം അമ്മ തീകൊളുത്തി മരിച്ചു


പേരാമ്പ്ര: മുളിയങ്ങലില്‍ രണ്ട് പെണ്‍മക്കളെയും കൊണ്ട് അമ്മ തീകൊളുത്തി മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ യുവതിയുടെ ഭർത്താവിന്റെ അമ്മയാണ് സംഭവം ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിളിച്ച് കൂട്ടി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

35 കാരിയായ പ്രിയയാണ് പുണ്യതീര്‍ത്ഥ (13), നിവേദിത (നാല്) എന്നീ രണ്ട് മക്കള്‍ക്കൊപ്പം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദ്യം ഇളയ കുട്ടിയും പിന്നീട് മൂത്ത കുട്ടിയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു. പിന്നീട് പ്രിയയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

എട്ട് മാസം മുമ്പ് പ്രിയയുടെ ഭര്‍ത്താവ് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിന് ശേഷം അവര്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനാല്‍ പ്രിയക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങളും ഇവരെ ബുദ്ധിമുട്ടിച്ചിരുന്നതായാണ് വിവരം. ഇതെല്ലാമാകാം മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്നാണ് അനുമാനിക്കുന്നത്.

പേരാമ്പ്ര പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.