പേരാമ്പ്ര മാര്‍ക്കറ്റില്‍ തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മരണ കാരണം വ്യക്തമല്ല


പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി ഇവിടെ തെരുവു നായ്ക്കള്‍ ചാവുകയാണ്. അടുത്ത ദിവസങ്ങളിലായി ഏഴോളം നായകളാണ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് ചത്തത്. ഇവയുടെ മരണ കാരണം വ്യക്തമല്ല.

നടന്നു കൊണ്ടിരിക്കെ നായ്ക്കള്‍ തളര്‍ന്ന് വീഴുകയും പിന്നീട് മരിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. ഇങ്ങെന ചത്ത നായകളുടെ മൂത്രത്തില്‍ രക്തത്തിന്റെ അംശവും കാണുന്നുണ്ട്. തളര്‍ന്നു വീഴുന്ന ചില നായ്ക്കള്‍ പിന്നീട് വേച്ച് വേച്ച് നടന്നു പോകുന്നത് കണ്ടതായും വ്യാപാരികള്‍ പറഞ്ഞു.

എന്തെങ്കിലും പകര്‍ച്ചവ്യാധിയെ തുടര്‍ന്നാണോ നായകള്‍ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ തെരുവു നായകളുള്ള പ്രദേശമായതിനാല്‍ ആരെങ്കിലും ഇവയ്ക്ക് വിഷം കൊടുത്തതാണോ എന്ന സംശയവുമുണ്ട്. നായ്ക്കളുടെ മരണ കാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ആശങ്കയിലാണ് നാട്ടുകാര്‍.