സന്തോഷ വാര്‍ത്ത; പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നു
പേരാമ്പ്ര: ഏറെക്കാലമായി പേരാമ്പ്രയിലെ ജനങ്ങള്‍ കാത്തിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നു. ബൈപ്പാസ് റോഡിന്റെ ലാന്‍ഡ് അക്വിസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
റോഡിന് ആവശ്യമായിവരുന്ന 340.63 ആര്‍ ഭൂമിയില്‍ 213.43 ആര്‍ കൈവശമുള്ള 98 സ്ഥല ഉടമകള്‍ ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കി. ഇവരില്‍ 90 ശതമാനം പേര്‍ക്കും നഷ്ടപരിഹാരത്തുകയും നല്‍കിക്കഴിഞ്ഞു. എന്നാല്‍, കളക്ടറുടെ മേല്‍നോട്ടത്തില്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് 46 സ്ഥല ഉടമകള്‍ സമ്മതപത്രം നല്‍കിയിട്ടില്ലായിരുന്നു. ഇവരുടെ കൈവശമുള്ള 121.17 ആര്‍ ഭൂമി ലാന്‍ഡ് അക്വിസേഷന്‍ നിയമമനുസരിച്ച് ഏറ്റെടുക്കാനുള്ള നടപടിയും പൂര്‍ത്തിയായി. ഭൂമി ഏറ്റെടുക്കുന്നതിന് 24 കോടി രൂപ കിഫ് ബി ലാന്‍ഡ് അക്വിസഷന്‍ താസില്‍ദാരുടെ ബേങ്ക് അക്കൗണ്ടിലേക്ക് ഇതിനകം കൈമാറിയിരുന്നു.
ബൈപാസ് നിര്‍മാണത്തിന് 100 കോടി രൂപയോളം വേണ്ടി വരും. ഭൂമിയുടെ വിലയടക്കം ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുവാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് മാനേജിംഗ് ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് ബൈപാസ് നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ട പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് പേരാമ്പ്രയുടെ എം എല്‍ എയും എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രിയുമായ ടി പി രാമകൃഷ്ണന്റെ നിശ്ചയദാര്‍ഢ്യവും നിരന്തര ഇടപെടലും കൊണ്ടാണ്. കോഴിക്കോട് ജില്ല കലക്ടരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ ഉദ്യോഗസ്ഥരുടെ വിശ്രമ രഹിതമായ പ്രവര്‍ത്തനവും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമായി.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക