പേരാമ്പ്ര പഞ്ചായത്തിലെ ടൂറിസം ഡെസ്റ്റിനേഷനില്‍ നരിക്കിലാപ്പുഴയും: അറിയാം മനോഹരമായ ഈ ജലാശയത്തെക്കുറിച്ച്


പേരാമ്പ്ര: കോവിഡാനന്തരം ടൂറിസം മേഖലയ്ക്ക് ഉണര്‍വുപകരാന്‍ വിപുലമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗ്രാമങ്ങളെ ടൂറിസം കേന്ദ്രമാക്കാനും ഗ്രാമീണ ജീവിതവും പരിസ്ഥിതിയും അറിയാനും പഠിക്കാനുമുള്ള വഴിയൊരുക്കാനുള്ള ശ്രമങ്ങളാണ് അതില്‍ സുപ്രധാനം. ഇതിന്റെ ഭാഗമായി പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പത്ത് ടൂറിസം ഡെസ്റ്റിനേഷനുകളാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്. പേരാമ്പ്ര പഞ്ചായത്തില്‍ ടൂറിസം വികസനം ലക്ഷ്യമിടുന്ന പ്രദേശങ്ങളിലൊന്നാണ് ചാനിയം കടവ് റോഡില്‍ എരവട്ടൂരിലുള്ള നരിക്കിലാപ്പുഴ.

പേരാമ്പ്ര ടൗണില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ എരവട്ടൂരില്‍ റോഡരികിലാണ് ഈ പ്രകൃതിദത്ത ജലാശയം. പുഴയ്ക്ക് ഭിത്തി കെട്ടിയപോലെ നീണ്ടുകിടക്കുന്ന ചേര്‍മലയില്‍ നിന്നും കണ്ണോത്ത് കുന്നില്‍നിന്നും ഒലിച്ചിറങ്ങുന്ന നീരുറവകളാണ് നരിക്കിലാപ്പുഴയെ ജലസമൃദ്ധമാക്കിയിരുന്നത്.

പഞ്ചപാണ്ഡവന്മാര്‍ പാഞ്ചാലിക്ക് കളിക്കാനായി നിര്‍മിച്ചതാണ് ഈ പുഴയെന്നാണ് ഐതിഹ്യം. മറ്റു സ്ത്രീകള്‍ക്ക് കുളിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ പണ്ടുകാലത്ത് നാരിക്കില്ലാപ്പുഴ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ലോപിച്ചാണ് നരിക്കിലാപ്പുഴയായത്.

ഏക്കര്‍കണക്കിന് പ്രദേശത്തു വ്യാപിച്ചുകിടന്ന ഒന്നായിരുന്നു ഒരുകാലത്ത് നരിക്കിലാപ്പുഴ. കൈതക്കാടുകളായിരുന്നു ചുറ്റും. എന്നാല്‍ പുഴയുടെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികള്‍ കയ്യേറി നികത്തി പറമ്പാക്കി കൈവശപ്പെടുത്തി. പുഴ സംരക്ഷിക്കണമെന്ന ലക്ഷ്യവുമായി 1990ല്‍ പഞ്ചായത്ത് പുഴ ഏറ്റെടുത്തെങ്കിലും പിന്നീടും കയ്യേറ്റം തുടര്‍ന്നു. 2010ല്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 14 സെന്റ് വിസ്തൃതിയുള്ള നരിക്കിലാപ്പുഴ കെട്ടി സംരക്ഷിക്കാന്‍ 1.20കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. നാലുപാടും കരിങ്കല്ലുപയോഗിച്ച് കെട്ടി വൃത്തിയാക്കി.

എന്നാല്‍ അഴിമതി ആരോപണങ്ങളെയും തുടര്‍ന്ന് പിന്നീടുള്ള പണികള്‍ മുടങ്ങിക്കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവും കേസും നടക്കുന്നുണ്ട്.

കുടിവെള്ളം, ജലസേചനം, കുളിക്കടവ്, വിനോദകേന്ദ്രം തുടങ്ങിയവ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കി ടൂറിസം ഭൂപടത്തില്‍ നരിക്കിലാപ്പുഴയെക്കൂടി ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നരിക്കിലാപ്പുഴയ്ക്കു പുറമേ പേരാമ്പ്രയിലെ ചേര്‍മലയും ടൂറിസം പ്രാധാന്യമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.