പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നാട്ടുപച്ച’യ്ക്ക് തുടക്കമായി; ഉദ്ഘാടനം നിര്‍വ്വഹിച്ച് മുസ്ലിം ലീഗ് നേതാവ് ടി.ടി ഇസ്മായില്‍


മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ പരിപാടിയായ ‘നാട്ടുപച്ച’യ്ക്ക് തുടക്കമായി. നാട്ടുപച്ചയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കീഴരിയൂര്‍ പഞ്ചായത്തിലെ കോരപ്രയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ പി.എസ്.സി മെമ്പറുമായ ടി.ടി ഇസ്മായില്‍ നിര്‍വ്വഹിച്ചു.

മലയാളികളുടെ സാമൂഹിക പുരോഗതിയിലും വികാസത്തിലും പൊതുവിലും ന്യൂനപക്ഷ- പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയില്‍ വിശേഷിച്ചും ചരിത്രപരമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് കഴിഞ്ഞുവെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ പി.എസ്.സി മെമ്പറുമായ ടി.ടി ഇസ്മായില്‍ അഭിപ്രായപ്പെട്ടു. കേരളീയ പൊതുസമൂഹത്തോട് ഇഴകി ചേര്‍ന്നും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തിയുമുള്ള രാഷ്ട്രീയ ശാക്തീകരണത്തിലൂടെയാണ് ഇത് സാധ്യമായത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നിന്നുപോയ ജനവിഭാഗങ്ങളെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ലീഗ് വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ശാഖാ പ്രസിഡണ്ട് ടി കെ സലാം അധ്യക്ഷത വഹിച്ചു. ഇ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കൊവിഡ് മഹാമാരിയിലും പ്രളയകാലത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ്, നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍.കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, ട്രഷറര്‍ എം.കെ.സി കുട്ട്യാലി, വൈസ് പ്രസിഡണ്ടുമാരായ ഒ.മമ്മു, വി.വി.എം ബഷീര്‍, മുനീര്‍ കുളങ്ങര, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി.യു സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് കുന്നുമ്മല്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.സി മുഹമ്മദ് സിറാജ്, വാര്‍ഡ് മെമ്പര്‍ കെ.ഗോപാലന്‍, തേറമ്പത്ത് കുട്ട്യാലി, അന്‍സില്‍ കീഴരിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നുമ്മല്‍ റസാഖ് സ്വാഗതവും വി.കെ യൂസുഫ് നന്ദിയും പറഞ്ഞു.