മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ സ്മരണാര്‍ത്ഥം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് വീല്‍ ചെയറുകള്‍ നല്‍കി


പേരാമ്പ്ര: പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ സ്മരണാര്‍ത്ഥം ബഷീര്‍ ഫൗണ്ടേഷന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് വീല്‍ ചെയറുകള്‍ നല്‍കി. രണ്ടു വര്‍ഷം മുമ്പാണ് തിരുവന്തപുരത്ത് വച്ച് വാഹനാപകടത്തില്‍ ബഷീര്‍ മരണപ്പെട്ടത്. നല്ല പത്ര പ്രവര്‍ത്തകനും നിയമ സഭാ റിപ്പോര്‍ട്ടറുമായിരുന്നു കെ.എം ബഷീര്‍.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി കുമാര്‍ പേരാമ്പ്ര ആദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്, മെഡിക്കല്‍ ഓഫീസര്‍ സി.കെ വിനോദ്, ബഷീര്‍ ഫൗണ്ടേഷന്‍ അംഗം ഹനീഫ തിരൂര്‍, മുഹമ്മദ് പൂങ്കാവനം, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ എച്ച്.ഐ ശരത് എന്നിവര്‍ സംസാരിച്ചു. ഡോ.സി.കെ വിനോദ് സ്വാഗതവും
ഹെഡ് നേഴ്‌സ് ലിസമ്മനന്ദിയും പറഞ്ഞു.