പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്; റീടെന്‍ഡര്‍ ക്ഷണിച്ചു


പേരാമ്പ്ര : റോഡ് പണി പൂർത്തിയാക്കാൻ അലംഭാവം കാണിച്ചതിന് കരാറുകാരനെ ഒഴിവാക്കിയതിന്റെ തുടർച്ചയായി, പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ അതിവേഗ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. ഇതിനായി റീടെൻഡർ ക്ഷണിച്ചു. നവംബർ ഒമ്പതുവരെ ടെൻഡർ സമർപ്പിക്കാം. നവംബർ 12-ന് ടെൻഡർ തുറന്ന് പരിശോധിക്കും.

കാലാവധി നീട്ടിനൽകിയിട്ടും പണി ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് കരാറെടുത്ത കാസർകോട്ടെ എം.ഡി. കൺസ്ട്രക്ഷൻസിലെ എം.ഡി. നൗഷാദിനെ ഒഴിവാക്കിയത്. കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾതന്നെ പ്രവൃത്തി തുടരുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ നടത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യും ശേഷിച്ച പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സൂപ്രണ്ടിങ്‌ എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ ശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് വേഗത്തിൽ തയ്യാറാക്കി. റോഡ്‌സ് വിഭാഗം ചീഫ് എൻജിനിയർ കഴിഞ്ഞ ദിവസം അംഗീകാരം നൽകുകയും ചെയ്തു.

16 മാസംകൊണ്ട് അഞ്ച് കലുങ്കുകളും 1070 മീറ്റർ അഴുക്കുചാലുമടക്കം 10 ശതമാനത്തോളം പ്രവൃത്തി മാത്രമാണ് ഇതുവരെ റോഡിൽ പൂർത്തിയാക്കിയത്. പരാതിയെത്തുടർന്ന് അടുത്തിടെ മന്ത്രി സ്ഥലം സന്ദർശിച്ച് പണി പൂർത്തീകരിക്കാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടും വേഗത്തിൽ പ്രവൃത്തി നടത്താത്തതിനാലാണ് കരാറുകാരനെ ഒഴിവാക്കിയത്. ശേഷിച്ച പ്രവൃത്തി ടെൻഡർ ചെയ്യുമ്പോൾ അധികമായിവരുന്ന ബാധ്യത പഴയ കരാറുകാരനാണെന്ന വ്യവസ്ഥയോടെയാണ് നടപടി.

പേരാമ്പ്ര ടൗണിൽനിന്ന് തുടങ്ങി 8.2 കിലോമീറ്റർ ദൂരത്തിലാണ് നിലവിലെ പാത വീതികൂട്ടി ബി.എം. ആൻഡ്‌ ബി.സി. നിലവാരത്തിൽ റീടാറിങ്‌ നടത്തുന്നത്. കഴിഞ്ഞവർഷം മേയ് 29-ന് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിരുന്നു.

ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു നിർദേശം. നിശ്ചിതസമയത്തിനകം പണി പൂർത്തീകരിക്കാത്തതിനാൽ ഈവർഷം ജൂലായ് 30 വരെ കാലാവധി നീട്ടിനൽകിയിരുന്നു. എന്നിട്ടും കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ടാറിങ്‌ തുടങ്ങാൻ താമസിച്ചതിനാൽ നിലവിലെ റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കുഴിയായിട്ടുണ്ട്. ഇതുകാരണം വാഹനയാത്ര ദുരിതപൂർണമായിട്ടുണ്ട്.