പേരാമ്പ്ര എസ്റ്റേറ്റിലെ ജീവനക്കാരനെ ഇരുമ്പ് വടികൊണ്ടാക്രമിച്ച് രണ്ടംഗ സംഘം


പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനെ രണ്ടംഗ സംഘം ക്വാട്ടേഴ്‌സില്‍ കയറി ആക്രമിച്ചു. സീനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് മുഹമ്മദ് ഷബീബിനെയാണ്് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ക്വാട്ടേഴ്‌സിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഷബീബിനെ ഇരുമ്പ് വടിയുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി ഉപയോഗിച്ച് അദ്ദേഹത്തിന്റെ ദേഹമാസകലം അടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആക്രമത്തില്‍ തലയ്ക്കും മുതുകിനും കൈക്കുമേല്ലാം പരിക്കേറ്റിട്ടുണ്ട്.

എസ്റ്റേറ്റിലെ തൊഴിലാളിയും സി.ഐ.ടി.യു നേതാവുമായ സതീഷാണ് ആക്രമണത്തിന് പിന്നിലെന്ന് മുഹമ്മദ് ഷബീബ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരു തൊഴിലാളിയുടെ ജോലിയുമായി ബന്ധപ്പെട്ട് ഷബീബിനെ ഫോണില്‍ വിളിച്ച് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എസ്റ്റേറ്റ് മാനേജര്‍ ജി.അരുണ്‍ കുമാര്‍ വിശദീകരണം തേടിയ ശേഷം സതീഷിനെ നേരത്തെ ജോലി ചെയ്തിരുന്ന എ ഡിവിഷനില്‍ നിന്ന് ബിയിലേക്ക് മാറ്റിയിരുന്നു. ഇതാണ് ആക്രണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഗുണകരമായ കാര്യങ്ങളാണ് ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സതീഷിന്റെ ഡിവിഷന്‍ മാറ്റിയ അതേ ദിവസം രാത്രി തന്നെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ സതീഷിനും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കേസെടുത്തത്.

ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്റ്റേറ്റ് ഓഫീസിന് മുന്നില്‍ സംയുക്ത യൂണിയന്റെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.