പേരാമ്പ്ര അലങ്കാര്‍ മൂവീസില്‍ സിനിമാ പ്രദര്‍ശനം നവംബര്‍ നാല് മുതല്‍; ആദ്യം രജനികാന്ത് ചിത്രം ‘അണ്ണാത്തെ’


പേരാമ്പ്ര: മാസങ്ങളായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിക്കുമെങ്കിലും പേരാമ്പ്രയിലെ അലങ്കാര്‍ മൂവിസില്‍ ഇന്ന് പ്രദര്‍ശനമുണ്ടാവില്ല. നവംബര്‍ നാല് മുതലാണ് തിയേറ്ററില്‍ പ്രദര്‍ശനം പുനരാരംഭിക്കുകയെന്ന് തിയേറ്റര്‍ അധീകൃതര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ രജനികാന്ത് ചിത്രം അണ്ണാത്തെയാണ് അലങ്കാര്‍ മൂവീസില്‍ പ്രദര്‍ശനത്തിനായി തയ്യാറായിട്ടുള്ളത്. മലയാളം സിനിമ ലഭ്യമായാല്‍ അതിനനുസരിച്ച് പ്രദര്‍ശനത്തിലും മാാറ്റങ്ങളുണ്ടാവും. സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുക. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രദര്‍ശനം നടത്തുക.

തിയേറ്ററില്‍ ആളുകളുടെ തിരക്ക് ഒഴിവാക്കാനായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ടിക്കറ്റ് ബുക്കിംഗ് പൂര്‍ണ്ണമായും ഓണ്‍ലൈനാക്കും. ഓണ്‍ലൈന്‍ ബുക്കിംഗിന് ശേഷം ബാക്കിവരുന്ന സീറ്റുകളിലേക്കാണ് തിയേറ്ററില്‍ നേരിട്ടെത്തി ടിക്കറ്റുകളെടുക്കാനുള്ള സൗകര്യമുണ്ടാവുക. http://www.alankarmovies.com/ എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഓരോ ഷോയ്ക്ക് ശേഷവും തിയേറ്റര്‍ സ്‌മോഗ് ഉപയോഗിച്ച് അണുവിമുക്തമാക്കുമെന്നും തിയേറ്റര്‍ അധികാരികള്‍ വ്യക്തമാക്കി. ഒരു സീറ്റ് ഇടവിട്ട് അമ്പത് ശതമാനം ആളുകളെയാണ് തിയേറ്ററിനകത്ത് പ്രവേശിപ്പിക്കുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലാണ് പേരാമ്പ്ര അലങ്കാര്‍ മൂവിസ് അടച്ചിടുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും തിയേറ്റര്‍ തുറക്കുന്നതില്‍ അനിശ്വിതത്വം നിലനിന്നിരുന്നു. ഇതാണ് തിയേറ്റര്‍ തുറക്കാന്‍ വൈകാനിടയാക്കിയത്.

സംസ്ഥാനത്തെ മറ്റ് തിയേറ്റരുകളില്‍ ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം പുനരാരംഭിക്കും. ബുധനാഴ്ച ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ പ്രദര്‍ശനത്തിനെത്തും. വ്യാഴാഴ്ച ശിവ കാര്‍ത്തികേയന്റെ തമിഴ് ചിത്രം ‘ഡോക്ടര്‍’, വെള്ളിയാഴ്ച ജോജു ജോര്‍ജ് നായകനായ മലയാള ചിത്രം ‘സ്റ്റാര്‍’ എന്നിവയും തിയേറ്ററുകളിലെത്തും.