പെരുവണ്ണാമൂഴിയില്‍ കാട്ടുപന്നിയെ കുടുക്കാന്‍ സോളാര്‍ കെണിയും; ഭിന്നശേഷിക്കാരനായ ജോണ്‍സന്റെ കെണിയില്‍ കുടുങ്ങി പന്നി


പേരാമ്പ്ര: എല്‍ഇഡി ബള്‍ബുകളിലൂടെ വെളിച്ചം നല്‍കി വിസ്മയിപ്പിച്ച ജോണ്‍സണ്‍ വക കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കുടുക്കാന്‍ സോളാര്‍ കെണിയും. ഭിന്നശേഷിക്കാരനായ പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സണ് സെപ്തംബര്‍ 17ന് കാട്ടുപന്നികളെ പിടിക്കുന്നതിന് ഹൈക്കോടതിയില്‍നിന്ന് അനുമതി ലഭിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പലതരം കെണികളുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. സോളാര്‍ പാനല്‍ ഉപയോഗിച്ച് കെണിയൊരുക്കുന്നതാണ് ഫലപ്രദമെന്ന് കണ്ടതിനാല്‍ അത്തരമൊരു കെണി തയ്യാറാക്കി. കെണിവച്ച വെള്ളിയാഴ്ച രാത്രി പന്നി കുടുങ്ങി.

പെരുവണ്ണാമൂഴിയിലെ കുടുംബവീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ഒരുവിധ കൃഷിയും സാധ്യമാവാത്ത വിധത്തില്‍ പന്നിശല്യം രൂക്ഷമായപ്പോഴാണ് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ജില്ലയിലെ 12 പേര്‍ക്കാണ് പന്നിയെ കൊല്ലാനുള്ള അനുമതി നല്‍കിയത്. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടതാണെങ്കിലും സ്വന്തം ആശയങ്ങള്‍ ഇലക്ട്രോണിക്‌സ് രംഗത്ത് നടപ്പാക്കിയാണ് ജോണ്‍സണ്‍ മുന്നേറിയത്. സൂര്യപ്രകാശത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്ത് രാത്രിയില്‍ കാട്ടുപന്നിവരുന്ന വഴിയിലാണ് സോളാര്‍ കെണി ഘടിപ്പിക്കുക. ഇലക്ട്രിക് ഷോക്കേല്‍ക്കുന്ന പന്നികള്‍ പെട്ടെന്ന് ചാവും. എന്നാല്‍ മനുഷ്യര്‍ക്ക് ഈ വോള്‍ട്ടേജ് കാര്യമായി ഏല്‍ക്കില്ല.

സോളാര്‍ ഇന്‍വെര്‍ട്ടറിലെ സര്‍ക്യൂട്ടിലും മറ്റും കാര്യമായ മാറ്റം വരുത്തിയാണ് സോളാര്‍കെണി തയ്യാറാക്കുന്നത്. ആദ്യ നിര്‍മാണത്തില്‍ ഉപകരണത്തിന് 50,000 രൂപ ചെലവായി. എന്നാല്‍ കൂടുതല്‍ നിര്‍മിക്കുമ്പോള്‍ 10,000 രൂപയേ ചെലവാകൂ. കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവര്‍ക്ക് സോളാര്‍ കെണി നിര്‍മിച്ച് നല്‍കാന്‍ ജോണ്‍സണ് പദ്ധതിയുണ്ട്. ജീവിതവരുമാനം എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിച്ച് കണ്ടെത്തുന്ന ഇദ്ദേഹം പ്രളയമുണ്ടായപ്പോള്‍ എല്ലാം നഷ്ടമായവര്‍ക്ക് സ്വന്തമായി നിര്‍മിച്ച 50 സോളാര്‍ എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കിയിരുന്നു.