പെരുവണ്ണാമൂഴിയിലെ സി.ആ.പി.എഫ് ഭൂമി ചക്കിട്ടപാറ പഞ്ചായത്ത് തിരിച്ചെടുക്കും; കെ.എ.പി ക്യാമ്പിന്റെ സാധ്യത പരിശോധിക്കാനായി ഉന്നത സംഘം എത്തി


പേരാമ്പ്ര: വികസന പദ്ധതികൾ നടപ്പിലാക്കാത്ത പെരുവണ്ണാമൂഴിയിലെ സി.ആർ.പി.എഫ് ഭൂമി പഞ്ചായത്ത് തിരിച്ചെടുക്കും. ഈ സ്ഥലത്ത് കെ.എ.പി ആറാം ബറ്റാലിയന്റെ ക്യാമ്പ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനായി ഉന്നത സംഘം എത്തി. എ.ഡി.ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം പെരുവണ്ണാമൂഴിയിലെത്തിയത്. ആയിരം സേനാംഗങ്ങളുടെ കെ.എ.പി ക്യാമ്പാണ് ഇവിടെ ആരംഭിക്കാനുദ്ദേശിക്കുന്നത്.

2012 സെപ്റ്റംബറിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ വടകര എം.പിയും കേന്ദ്രമന്ത്രിയും ആയ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സമ്മർദ്ദ ഫലമായി ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പ്രദേശം ആയ പെരുവണ്ണാമൂഴി ഡാം പ്രദേശത്തെ 76 ഏക്കർ സ്ഥലം പ്രാദേശിക എതിർപ്പുകൾ മറികടന്ന് സി.ആർ.പി.എഫിന് അനുവദിച്ചു നൽകിയിരുന്നു. സി.ആർ.പി.എഫ് ക്യാമ്പ് പ്രവർത്തനം ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര നിലവാരം ഉള്ള കേന്ദ്രീയ വിദ്യാലയം, പൊതു ജനങ്ങൾക്ക് കൂടി ഉപകരിക്കും വിധമുള്ള മിലിറ്ററി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, നൂറോളം കുടുംബങ്ങൾ ഉൾപ്പെടുന്ന റെസിഡൻഷ്യൽ വില്ലേജ്, എൻ.ഡി.ആർ.എഫ് സ്പെഷ്യൽ ബറ്റാലിയൻ എന്നിവ ആരംഭിക്കും എന്ന ഉറപ്പായിരുന്നു പഞ്ചായത്ത് ഭരണ സമിതിക്കും പ്രദേശികവാസികൾക്കും അന്ന് നൽകിയത്.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ , എൻ.ഡി.ആർ.എഫ് ഡയറക്ടർ ജനറൽ പി.എം.നായർ, റവന്യൂ മന്ത്രി അടൂർ പ്രകാശ് എന്നിവരാണ് പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടന സമയത്ത് ഈ വാഗ്ദാനങ്ങൾ നൽകിയത്. ക്യാമ്പ് പ്രവർത്തനം ആരംഭിച്ച് പത്തു വർഷങ്ങൾ പിന്നിട്ടിട്ടും ഇതൊന്നും നടപ്പായില്ല.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയിൽ മുന്നോട്ട് പോകുമ്പോൾ പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സ്ഥലം അന്നത്തെ അതെ അവസ്ഥയിൽ നിലനിർത്തി പോകുവാൻ കഴിയുകയില്ല എന്ന നിലപാടാണ് ഭരണസമിതിയുടെത്. ഈ മേഖലയുമായി ബന്ധപ്പെട്ട് അനവധി വികസന പദ്ധതികൾക്ക് ഉള്ള ആലോചനകൾ വരാറുണ്ടെന്നും ഭരണസമിതി പറയുന്നു. ഇവയെല്ലാം സമയബന്ധിതമായി ഇവയൊക്കെ സർക്കാരിന് സമർപ്പിക്കുകയും ചെയ്യുന്നുണ്ട്.