പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാന്‍ സപ്പോര്‍ട്ട് ഡാം നിര്‍മാണം തുടങ്ങി
പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാന്‍ സപ്പോര്‍ട്ട് ഡാം നിര്‍മാണം തുടങ്ങി. മഹാരാഷ്ട്രയിലെ ബാലാജി കണ്‍സ്ട്രക്ഷനാണ് 29.13 കോടി രൂപയുടെ പ്രവൃത്തി കരാറെടുത്തത്. പദ്ധതിയുടെ എഴുപതു ശതമാനം ലോക ബാങ്കും 30 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര ജലകമ്മീഷന്റെ ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്.
നിലവിലുള്ള ഡാമിനെ ബലപ്പെടുത്തുന്നതിനാണു സപ്പോര്‍ട്ടു ഡാം നിര്‍മിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. നിലവിലെ ഡാമിന്റെ സ്പില്‍വേക്ക് മുന്നിലായാണ് സപ്പോര്‍ട്ടിങ് പില്ലറുകള്‍ നിര്‍മിക്കുക. കനാലിലേക്ക് വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തുള്ള പ്രവൃത്തികളും ഇതിന്റെഭാഗമായി വരും.
അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ട് 1988-ല്‍തന്നെ സി.ഡബ്ല്യു.സി. സംഘം ഡാം പരിശോധിച്ചപ്പോള്‍ ബലക്കുറവുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ചോര്‍ച്ചയുമുണ്ടെന്ന് കണ്ടെത്തി. ഇതിനാല്‍ ഡാം ബലപ്പെടുത്താനുള്ള പണികളും സുരക്ഷ വര്‍ധിപ്പിക്കാന്‍ സപ്പോര്‍ട്ടിങ് ഡാം നിര്‍മാണവും വേണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ ജലസംഭരണപരിധി താഴ്ത്തി പുനര്‍നിശ്ചയിക്കുകയും ചെയ്തു.
കേന്ദ്ര ജലക്കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സപ്പോര്‍ട്ട് ഡാം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ 42.7 മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ സംഭരിക്കുന്നത്. ജില്ലയിലെ മൂന്നു താലൂക്കുകളിലെ ജലസേചനത്തിന് പുറമെ കുടിവെള്ളപദ്ധതിയുടെ ജലസ്രോതസ്സായും ഡാമിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. നിര്‍മാണത്തിലുള്ള കെ.എസ്.ഇ.ബി.യുടെ ചെറുകിട ജലവൈദ്യുതപദ്ധതിക്കും ഡാമിലെ വെള്ളമാണ് ഉപയോഗിക്കുക. ഡാം ബലപ്പെടുത്തുന്നതോടെ കൂടുതല്‍ അളവില്‍ വെള്ളം സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതിക്ക് അംഗീകാരം കിട്ടി കഴിഞ്ഞവര്‍ഷം ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്.പദ്ധതി സമര്‍പ്പിച്ച് കേന്ദ്ര ജല കമ്മിഷന്റെ അനുമതി ലഭിക്കാനും താമസമുണ്ടായിരുന്നു. 2020 സെപ്റ്റംബറില്‍ ടെന്‍ഡര്‍ നടപടി തുടങ്ങിയെങ്കിലും പ്രീക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ യോഗ്യരായവരുണ്ടാകാത്തതിനാല്‍ വീണ്ടും ടെന്‍ഡര്‍ നടത്തേണ്ടിവന്നു. സപ്പോര്‍ട്ട് ഡാം പൂര്‍ത്തിയാകുന്നതോടെ പെരുവണ്ണാമൂഴി അണക്കെട്ട് നാടിന്റെ വികസനത്തില്‍ വലിയ നാഴികക്കല്ലാകും.