പെരുവണ്ണാമൂഴി ഡാം ടൂറിസം നവംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യാന്‍ ധാരണ


പെരുവണ്ണാമൂഴി: ഡാം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുടെയും കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. വികസന പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി അതിവേഗം പൂര്‍ത്തിയാക്കി നവംബര്‍ ആദ്യത്തോടെ ഉദ്ഘാടനം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.

പദ്ധതിയുടെ വികസന പുരോഗതി യോഗം വിലയിരുത്തി. 3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയില്‍ നടപ്പാക്കുന്നത്. 2020 നവംബറിലാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്.
ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, കാന്റീന്‍, ഓപ്പണ്‍ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല നിര്‍വ്വഹിക്കാന്‍
എം.എല്‍.എ. ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ഡി.ടി.പി.സി എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ അടങ്ങുന്ന പെരുവണ്ണാമുഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കും. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ്.

റവന്യു, ജലസേചന വകുപ്പുകളില്‍ നിന്നായി പേരാമ്പ്ര മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകിട്ടേണ്ട ഭൂമിയുടെ കൈമാറ്റ നടപടികള്‍ ത്വരിതപ്പെടുത്താന്‍ കലക്ടറോട് യോഗത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.