പെരുന്നാളാണ്, ഇപ്പോഴും അവന്‍ ജയിലിലാണ്, നീതി നിഷേധമാണ്; യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹയെ ഓര്‍ത്ത് അലന്‍ എഴുതുന്നു


കോഴിക്കോട്: ഈ പെരുന്നാളിനും താഹ നീതി നിഷേധിക്കപ്പെട്ട് ജയിലിലാണ്, ഇപ്പോഴും മനസു തുറന്ന് ചിരിക്കാന്‍ കഴിയുന്നില്ലെന്ന് അലന്‍ ഷുഹൈബ്. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളെന്ന് മുദ്ര കുത്തി ജയിലില്‍ കഴിയുന്ന താഹയെ ഓര്‍ത്ത് അലന്‍ ഷുഹൈബ് എഴുതിയ പോസ്റ്റാണിത്.

പോസ്റ്റിന്റെ പൂര്‍ണരൂപം-

നാളെ പെരുന്നാള്‍ ആണ്… ജയിലിലെ 10 വിശേഷ ദിവസങ്ങളില്‍ ഒന്നാണ് നാളെ. ഈ ദിവസങ്ങളില്‍ വിശേഷ ഭക്ഷണമാണ് ഉണ്ടാവുക. ഞങ്ങള്‍ കഴിഞ്ഞകൊല്ലം പെരുന്നാളിന് ഉണ്ടായത് അവിടെയാണ്. താഹ ഇക്കൊല്ലവും നീതി നിഷേധിക്കപ്പെട്ട ഒരുപാട് പേര് പോലെ കിടക്കുകയാണ്. ഉമ്മയുടെ കൂടെ അവന്‍ പെരുന്നാള്‍ കൂടിയിട്ട് രണ്ടുവര്‍ഷമായി. ഒരു നല്ല ഭക്ഷണം കഴിക്കുമ്പോള്‍ , ഒന്ന് മനസ്സറിഞ്ഞു സന്തോഷിക്കുമ്പോള്‍ എല്ലാം കഴിഞ്ഞ നാലുമാസമായി എനിക്ക് അവനെ ഓര്‍മവരും. കൂടെ അവിടെ ഉണ്ടായിരുന്ന സഹതടവുകാരെ ഓര്‍മ്മവരും. ഓരോ ദിവസവും താഹ അടക്കമുള്ളവര്‍ കഴിക്കുന്ന ഭക്ഷണവും അതിന്റെ ശോചനീയാവസ്ഥയും എനിക്ക് അറിയാവുന്നത് കാരണം വലിയ വേദനയും സന്തോഷം കെടുത്തുകയും ചെയ്യും. എത്രയും വേഗം ഈ പ്രതിസന്ധികള്‍ മറികടന്ന് എല്ലാവരും വീടുകളിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ രണ്ടാംപ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ താഹയുടെ പങ്കും ബന്ധങ്ങളും താഹയുടെ വസതിയിലെ റെയ്ഡില്‍ പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് ഡിവിഷന്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയത്. താഹയ്ക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ നടപടി അതിരുകടന്നെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അലന്റെ പ്രായവും ചികിത്സയിലാണെന്ന വാദവും കണക്കിലെടുത്ത് ജാമ്യത്തില്‍ കോടതി ഇടപെട്ടില്ല. അലന്‍, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എ ഹരിപ്രസാദും കെ ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.