പെണ്ണിന്റെ മാറ്റ് അളക്കാന്‍ പൊന്ന് വേണ്ട; കൊയിലാണ്ടിയില്‍ പൊന്നില്‍ പൊതിയാതെ ഒരു കല്യാണം, പുഷ്പഹാരം ചാര്‍ത്തി അവര്‍ ഒന്നായി


കൊയിലാണ്ടി: കൊവിഡ് കാലത്ത് പൊന്നില്‍ പൊതിയാതെ ഒരു കല്യാണം. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയുമില്ലെന്ന് പ്രതിജ്ഞ ചെയ്ത് കമിതാക്കളുടെ ആര്‍ഭാട രഹിതമായ വിവാഹം ശ്രദ്ധേയമായി.

കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് സൂര്യയില്‍ ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ – ചാലാടത്ത് സജിത ദമ്പതികളുടെ മകള്‍ അശ്വതിയും, മാനന്തവാടി സ്വദേശി സുമിത്രന്‍ – ഗീത ദമ്പതികളുടെ മകന്‍ ഡോ.അദ്വൈതും തമ്മിലുള്ള വിവാഹമാണ് വളരെ ലളിതമായി വധുഗൃഹത്തില്‍ നടന്നത്.

എട്ടുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും കല്യാണം. കോഴിക്കോട് മീഞ്ചന്ത ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഭൗതിക ശാസ്ത്രത്തില്‍ ഗവേഷണവും, അധ്യാപനവുമാണ് ഇരുവരുടെയും ലക്ഷ്യം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കല്യാണചടങ്ങുകള്‍ നടന്നത്. വിലകൂടിയ വിവാഹ വസ്ത്രങ്ങളും, സദ്യയും ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളടക്കം 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

സ്ത്രീധന പീഡനവും ആത്മഹത്യകളും അരങ്ങുവാഴുന്ന ഇക്കാലത്ത് പൊന്നിന്റെ തൂക്കം നോക്കാതെ പെണ്ണിന്റെ കഴുത്തില്‍ താലിചാര്‍ത്താമെന്ന് തെളിയിക്കുകയാണ് അദ്വൈതും, അശ്വതിയും.