‘പെട്രോള്‍ വില 200 രൂപയെത്തിയാല്‍ ബൈക്കില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം നല്‍കും’; വിചിത്ര വാഗ്ദാനവുമായി ബി.ജെ.പി നേതാവ്


ദിസ്പൂര്‍: പെട്രോളിന് പിറകെ ഡീസലും സെഞ്ചറിയടിച്ച് മുന്നോട്ട് കുതിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വിചിത്രമായ വാഗ്ദാനവുമായി ബി.ജെ.പി നേതാവ്. അസമിലെ ബി.ജെ.പി നേതാവായ ഭബേഷ് കലിതയാണ് വിചിത്രമായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്.

പെട്രോളിന്റെ വില ഒരു ലിറ്ററിന് 200 രൂപയിലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ അനുമതി ഉറപ്പാക്കുമെന്നാണ് ഭബേഷ് കലിത പറഞ്ഞത്. തമുല്‍പൂരില്‍ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ആളുകള്‍ ആഡംബര കാറുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പകരമായി ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ യാത്ര ചെയ്യണം. അസമില്‍ പെട്രോള്‍ വില 100 കടക്കുകയും ഡീസലിന്റെ വില 100 രൂപയോട് അടുക്കുകയും ചെയ്തതോടെ പല സ്ഥലങ്ങളിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

എന്നാല്‍, പിന്നീട് അദ്ദേഹം ഇതിന് വിശദീകരണവുമായി എത്തുകയായിരുന്നു. പെട്രോള്‍ വില 200 രൂപയിലെത്തിയാല്‍ ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. ഇതിനുപുറമെ, ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ ബൈക്കുകളില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ഒരു യാത്രക്കാരനായാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് യാത്രക്കാര്‍ക്കൊപ്പം നാല് വയസില്‍ അധികം പ്രായമുള്ള കൂട്ടിയെയും കൂടി യാത്ര ചെയ്യിപ്പിക്കുന്നത് പോലും നിയമവിരുദ്ധമായാണ് പരിഗണിക്കുന്നത്. ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും 1000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റവുമായാണ് പരിഗണിക്കുന്നത്. നിയമം ഇതാണെന്നിരിക്കെയാണ് ബി.ജെ.പി നേതാവിന്റെ പുതിയ പ്രഖ്യാപനം.