പൂജ്യം പോയി, ഒന്ന് വന്നു; മാവേലിയും മലബാറും ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ക്ക് ഒടുവില്‍ പഴയ നമ്പറുകള്‍ തിരികെ ലഭിച്ചു


കോഴിക്കോട്: നമ്മള്‍ ഏറ്റവും കൂടുതലായി യാത്ര ചെയ്യുന്ന തീവണ്ടികളാണ് മാവേലിയും മലബാറും പരശുറാമുമെല്ലാം. കൊവിഡ് വന്നതിനെ തുടര്‍ന്ന് അവസാനിപ്പിച്ച തീവണ്ടി സര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഈ വണ്ടികള്‍ക്കെല്ലാം തങ്ങളുടെ സ്വന്തം നമ്പറില്‍ ചെറിയൊരു മാറ്റം വന്നിരുന്നു.

തുടക്കത്തിലെ ഒന്ന് മാറ്റി പകരം പൂജ്യമാക്കുകയാണ് അന്ന് റെയില്‍വേ ചെയ്തത്. ഇത് കാരണം യാത്രക്കാര്‍ക്കും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടായി.

ഇപ്പോഴിതാ ഈ വണ്ടികള്‍ക്കെല്ലാം തങ്ങളുടെ സ്വന്തം ‘അസ്തിത്വം’ തിരികെ ലഭിച്ചിരിക്കുകയാണ്. സ്‌പെഷ്യലായി ഓടിക്കൊണ്ടിരുന്ന സമയത്ത് ലഭിച്ച പൂജ്യം മാറ്റി ഇനി മുതല്‍ പഴയത് പോലെ വണ്ടി നമ്പറുകള്‍ ഒന്നില്‍ ആരംഭിക്കും. ഇന്റര്‍സിറ്റികളുടെ ആദ്യ അക്കമായ രണ്ട് തിരിച്ചെത്തും. മെമു വണ്ടികളുടെ ആറില്‍ തുടങ്ങുന്ന നമ്പറും ഉടന്‍ വരും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


റെയില്‍വേ ഔദ്യോഗിക അറിയിപ്പുകളില്‍ പൂജ്യം മാറ്റിക്കഴിഞ്ഞു. ഐ.ആര്‍.സി.ടി.സി. ഓണ്‍ലൈന്‍ ടിക്കറ്റില്‍ മാറ്റം വരുത്തും. റെയില്‍വേ ആപ്പായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തില്‍ (എന്‍.ടി.ഇ.എസ്.) വരും ദിവസങ്ങളില്‍ പുജ്യം അപ്രത്യക്ഷമാകും. നിലവില്‍ വണ്ടിനമ്പര്‍ മാറുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ വരുന്ന വ്യത്യാസത്തില്‍ യാത്രക്കാര്‍ക്ക് ആശങ്കവേണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അത് പരിഹരിക്കും. വണ്ടികള്‍ സാധാരണനിലയിലാകുമ്പോള്‍ സീസണും ജനറല്‍ ടിക്കറ്റും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

കോവിഡ് കാലത്ത് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ശ്രമിക് സ്‌പെഷ്യലിനുശേഷം രാജധാനിയടക്കമുള്ള ദീര്‍ഘദൂരവണ്ടികള്‍ മാത്രമാണ് റെയില്‍വേ ആദ്യം ഓടിച്ചത്. അന്നുമുതല്‍ വണ്ടികളുടെ ആദ്യ നമ്പര്‍ ഒന്നിനുപകരം പൂജ്യമാക്കി മാറ്റി. ഒന്ന് പൂജ്യമായപ്പോള്‍ അനുഭവിച്ചത് മുഴുവന്‍ യാത്രക്കാരായിരുന്നു. നിരക്ക് വര്‍ധിച്ചു. ജനറല്‍കോച്ചുകളടക്കം റിസര്‍വ് ടിക്കറ്റായി. ഐ.ആര്‍.സി.ടി.സി. 17 രൂപ സേവനനിരക്കും വാങ്ങി. സീസണ്‍ ടിക്കറ്റെടുത്ത് അറിയാതെ ജനറല്‍ കോച്ചില്‍ കയറിയ യാത്രക്കാരില്‍നിന്ന് 350 രൂപ പിഴയീടാക്കി.

എക്‌സ്പ്രസ് അടക്കമുള്ള സ്‌പെഷ്യല്‍ വണ്ടികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ അങ്കലാപ്പ് നേരിട്ടു. മംഗളൂരുവില്‍നിന്നുള്ള മൂന്ന് തിരുവനന്തപുരം വണ്ടികള്‍ക്കും തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് എന്നാണുണ്ടായിരുന്നത്. ബ്രാക്കറ്റില്‍ പൂജ്യത്തില്‍ തുടങ്ങുന്ന നമ്പറും. മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസ് (06347/06349) എന്നിവയില്‍ ബുക്ക് ചെയ്ത പലര്‍ക്കും വണ്ടി മാറി. ഇനി എല്ലാം പഴയതുപോലെ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.