പുലിപ്പേടിയില്‍ പെരുവണ്ണാമൂഴി; പുലിയെ കണ്ടതായി മീന്‍ പിടിക്കാന്‍ പോയവര്‍


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വട്ടക്കയം വനാതിര്‍ത്തിയില്‍ ഓനിപ്പുഴയോരത്ത് പുള്ളിപ്പുലിയിറങ്ങി. ജനവാസമേഖലയ്ക്കു സമീപത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് പുലിയെ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ സമീപ ഭാഗമാണു വട്ടക്കയം. പഴയ റബര്‍ നഴ്‌സറിക്കു സമീപം പുള്ളിപ്പുലിയെ കണ്ടതായ വിവരം പുറത്തറിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

സെപ്റ്റംബര്‍ മാസത്തില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് മേയാനായി കൊണ്ടുപോയ പോത്തിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റിന്റെ ഭൂമിയും വനമേഖലയും ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് പോത്തിനെ വന്യമൃഗം കടിച്ചുകൊന്നനിലയില്‍ കണ്ടെത്തിയത്. സമീപത്ത് ജീവിയുടെ കാല്‍പാടുകളുമുണ്ടായിരുന്നു. ഇത് അഞ്ച് വയസ്സുള്ള കടവയുടേതാണെന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.