പുരുഷന് വിവാഹം കഴിക്കാനാന്‍ 21 വയസ്സാകണം; പ്രായപൂര്‍ത്തിയായ പങ്കാളിക്കൊപ്പം പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയാൻ പതിനെട്ട് കഴിഞ്ഞാൽ മതിയെന്ന് കോടതി


ചണ്ഡീഗഢ്: 21 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയായ പുരുഷന് 18 വയസോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീയുമായി വിവാഹബന്ധത്തിന് പുറത്ത് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. വിവാഹം കഴിക്കാതെ പ്രായപൂര്‍ത്തിയായ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന 2018 മെയ് മാസത്തിലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ലിവിങ് ടുഗതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ സുരക്ഷയാവശ്യപ്പെട്ട് നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ഇവര്‍ രണ്ടുപേരും പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. പതിനെട്ടു വയസ് പ്രായമായാല്‍ സ്ത്രീകള്‍ക്ക് നിയമപ്രകാരം വിവാഹിതരാകാം. എന്നാല്‍ ഹിന്ദു വിവാഹനിയമപ്രകാരം പുരുഷന് 21 വയസിന് മുമ്പ് വിവാഹം ചെയ്യാന്‍ കഴിയില്ല.

‘ഓരോ പൗരന്റെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഹരജിക്കാരില്‍ രണ്ടാമന് (പുരുഷന്) വിവാഹപ്രായം ആയില്ലയെന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അയാള്‍ക്ക് ലഭിക്കേണ്ട ഭരണഘടനപ്രകാരമുള്ള മൗലികാവകാശങ്ങള്‍ ഇല്ലാതാവില്ല.’ ജസ്റ്റിസ് ഹര്‍നരേഷ് സിങ് ഗില്‍ നിരീക്ഷിച്ചു.