പുരസ്‌ക്കാര തിളക്കത്തില്‍ മേപ്പയ്യൂര്‍; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍


മേപ്പയ്യൂര്‍: കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് അവാര്‍ഡ് കൈമാറി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവില്‍ നിന്ന് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ പ്രിന്‍സിപ്പല്‍ ഡോ.അന്‍വര്‍ ഷമീം, പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

2021 ജനുവരി 19 വായനാദിനം മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം വരെ നൂറ്റിയാറ് ദിവസം നീണ്ടു നിന്ന ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം-ഒരു വിദ്യാലയം ഗാന്ധിയുടെ ആത്കഥ വായിക്കുന്നു’ എന്ന സര്‍ഗാത്മകവും അനന്യവുമായ ഒരു പഠന പരിപാടി വിജയകരമായി സംഘടിപ്പിച്ചു എന്നത് പരിഗണിച്ചാണ് ഗാന്ധി ചെയര്‍ അവാര്‍ഡിനായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിനെ തെരഞ്ഞെടുത്തത്. ആദ്യമായാണ് ഒരു വിദ്യാലയത്തിന് ഗാന്ധി ചെയര്‍ അവാര്‍ഡ് നല്‍കുന്നത്.

യൂണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ ആര്‍.എസ്.പണിക്കര്‍ സ്വാഗതം പറഞ്ഞു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് അധ്യക്ഷത വഹിച്ചു.ഗാന്ധി ചെയര്‍ കോ-ഓഡിനേറ്റര്‍, പി.പ്രേമരാജന്‍ പ്രശസ്തി പത്രാവതരണം നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എം.നാസര്‍ പ്രശസ്തിപത്ര സമര്‍പ്പണം നടത്തി.

ഗാന്ധിജിയുടെ ആത്മകഥയുടെ 106 പ്രതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ.എം.എം.നാരായണന്‍, കെ.കെ.ഹനീഫ, എന്‍.വി.അബ്ദുറഹിമാന്‍, ഡോ.പി.റഷീദ് അഹ്‌മദ്, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ഇ കെ.സതീഷ്, ഡോ.എന്‍.പി.ഹാഫിസ് മുഹമ്മദ്, സെനറ്റംഗങ്ങളായ വിനോദ്.എന്‍.നീക്കാമ്പുറത്ത്, അഡ്വ.എം.രാജന്‍ എന്നിവര്‍ സംസാരിച്ചു.