പുതുക്കോട്ടയില്‍ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയവരില്‍ കുട്ടികളും; പത്തുവയസുകാരനടക്കം നാലു പ്രതികള്‍ പിടിയില്‍
ചെന്നൈ: പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ സി. ഭൂമിനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായവരില്‍ കുട്ടികളും. പത്തും പതിനേഴും വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.
പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കൊലപാതകം നടന്നത്. രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്ക് സമീപം വെച്ച് മോഷ്ടാക്കള്‍ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നവല്‍പ്പെട്ട് സ്റ്റേഷന് പരിധിയില്‍ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കില്‍ ചിലര്‍ ആടിനെ കടത്തുന്നത് എസ്.ഐ കാണുകയും അവരെ പിന്തുടരുകയും ചെയ്തിരുന്നു. ഏറെ ദൂരംപോയപ്പോള് മോഷ്ടാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപമാണ് എസ്.ഐയുടെ മൃതദേഹം കണ്ടത്. ശരീരത്തില്‍ 30 വെട്ടുകളുണ്ടായിരുന്നു.