പിഷാരികാവ് ഭക്തിസാന്ദ്രം; ഇന്ന് വലിയവിളക്കുത്സവം


കൊയിലാണ്ടി: പിഷാരികാവിൽ ഇന്ന് വലിയ വിളക്കുത്സവം. വലിയ വിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുളള ഇളനീര്‍കുലവരവും, വസൂരിമാല വരവും. വൈകീട്ട് മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഇളനീര്‍കുല വരവ്, അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെളളിക്കുട വരവ്, കൊല്ലന്റെ തിരുവായുധ വരവ്, മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. രാത്രി 11 മണിക്ക് ശേഷം ഭഗവതി പുറത്തെഴുന്നളളും. സ്വര്‍ണ്ണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നളളിക്കും.

പിഷാരികാവ് ക്ഷേത്രത്തിലെ മുഖ്യ വഴിപാടാണ് ഇളനീർ. ഒരു കർഷക സമ്പദ് വ്യവസ്ഥയുടെയും സമൂഹത്തിന്റെയും പ്രതിഫലനമാണ് ഭക്തിനിർഭരവും ആർഭാടപൂർണ്ണവുമായ ഇളനീർകുല വരവ്. മനുഷ്യ സമൂഹം കാർഷികോൽപ്പന്നങ്ങളിൽ ഒരംശം ആരാധനാലയങ്ങൾക്ക് നൽകുന്ന ചടങ്ങ് പണ്ടു മുതലേ ഉള്ളതാണ്. ഇളനീർ വരവ്, പുത്തരി, ഇല്ലംനിറ എന്നിവയെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്.

സ്വാമിയാർ കാവും പിഷാരികാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് കളിയാട്ട മഹോത്സവ കാലത്ത് സ്വാമിയാർ കാവ് ക്ഷേത്രത്തിൽ നിന്നും പിഷാരികാവിലേക്കുള്ള ഭക്തിനിർഭരമായ വസൂരിമാല വരവ്. പിഷാരികാവിലമ്മയുടെ ഭക്ത വാത്സല്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമായാണ് വസൂരി മാലവരവിനെ കണക്കാക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് മന്ദമംഗലം പ്രദേശത്ത് പടർന്നു പിടിച്ച വസൂരി രോഗം അനേകമാളുകളെ കൊന്നൊടുക്കിയെന്നും. ഭയവിഹ്വലരായ ജനങ്ങൾ പിഷാരികാവിലമ്മയുടെ തിരുനടയിലെത്തി മനമുരുകി പ്രാർത്ഥിച്ചെന്നും. ദിവസങ്ങൾക്കകം മാരകമായ വസൂരി രോഗം അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം.

സന്തുഷ്ടരായ ഭക്തർ വലിയ വിളക്കു ദിവസം ദേവിയുടെ തിരുമുമ്പിൽ സ്വർണ്ണമാല സമർപ്പിച്ച് പ്രാർത്ഥന നിറവേറ്റി. തുടർന്ന് മുടക്കമില്ലാതെ കൊല്ലം തോറും ഓരോ സ്വർണ്ണമണി വീതം കൂട്ടിച്ചേർത്ത് വസൂരിമാല ദേവി സന്നിധിയിൽ ഭക്തിപൂർവ്വം സമർപ്പിച്ചു വരുന്നു. ഭക്തജനങ്ങളെ ലഹരിയിൽ ആറാടിക്കുന്ന വസൂരി മാല വരവ് ഗംഭീര ആഘോഷത്തോടെയും ജനപങ്കാളിത്തത്തോടെയുമാണ് പിഷാരിക് തിരുനടയിൽ എത്തിച്ചേരുന്നത്.

പിഷാരികാവിലെ ഉത്സവത്തിൽ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ് ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന അവകാശവരവുകൾ. സർവ സമുദായങ്ങളിൽപ്പെട്ടവർക്കും ക്ഷേത്രോത്സവത്തിൽ അവരവരുടെ പങ്കാളിത്തമുണ്ട്. കൊയിലാണ്ടി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് വലിയ വിളക്ക് ദിവസം ക്ഷേത്രത്തിലേക്ക് വരുന്ന വരവുകൾ പിഷാരികാവ് ദേവിയിലുള്ള ഭക്തരുടെ അചഞ്ചലമായ വിശ്വാസം വിളിച്ചോതുന്നതാണ്.