പിഷാരികാവ് ക്ഷേത്രം തൃക്കാര്‍ത്തിക സംഗീതോത്സവം തുടങ്ങി; ഇനി ഏഴുനാള്‍ സംഗീതസാന്ദ്രം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക സംഗീതോത്സവം തുടങ്ങി. പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ തൃക്കാര്‍ത്തിക പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചു. സംഗീതോത്സവം നവംബര്‍ 19ന് അവസാനിക്കും.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ശബരിമല മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരിയെ പിഷാരികാവ് മേല്‍ശാന്തി എന്‍. നാരായണന്‍ മൂസത് പൊന്നാടയണിയിച്ച് ആദരിച്ചു.

എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. വേണു ഉപഹാരം സമ്മാനിച്ചു. ദേവസ്വം ബോര്‍ഡ് അംഗം കെ. രവീന്ദ്രനെ എ.പി. സുധീഷ് പൊന്നാടയണിയിച്ചു. ബാലന്‍ കീഴയില്‍ ഉപഹാരം നല്‍കി. ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, മുണ്ടയ്ക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പി.പി. രാധാകൃഷ്ണന്‍, പ്രമോദ് തുന്നോത്ത്, ടി.കെ. രാജേഷ്, വി.പി. ഭാസ്‌കരന്‍, കെ.കെ. രാകേഷ്, എം.എം. രാജന്‍ എന്നിവരും സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സംഗീതോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ കൊയിലാണ്ടിയിലെ ശ്രീചക്ര സെന്റര്‍ ഫോര്‍ മ്യൂസിക് സ്റ്റഡീസിലെ ആര്യ രമേഷും, അഭിഷേക് രമേഷും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും മരുത്തുര്‍വെട്ടം ബാബുവും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരിയുമുണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ അശ്വനിദേവും വൈകുന്നേരം ചെങ്കോട്ടെ ഹരിഹരസുബ്രഹ്‌മണ്യവും സംഗീതക്കച്ചേരി അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ തീര്‍ത്ഥ വി. വടകരയുടെ വീണക്കച്ചേരിയും വൈകുന്നേരം രഘുനാഥന്‍ ചാലക്കുടിയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും നടക്കും. ചൊവ്വാഴ്ച രോഹിത് പെരവട്ടൂരും വൈകുന്നേരം മാതംഗി സത്യമൂര്‍ത്തിയും സംഗീതക്കച്ചേരി അവതരിപ്പിക്കും. ബുധനാഴ്ച രാവിലെ ശശി പൂക്കാടിന്റെ പുല്ലാങ്കുഴല്‍ കച്ചേരിയും വൈകുന്നേരം സൗന്ദര്‍ രാജന്റെ വീണക്കച്ചേരിയും നടക്കും. വ്യാഴാഴ്ച രാവിലെ സ്വാതികൃഷ്ണ യു.എസിന്റെ സംഗീതക്കച്ചേരിയും ടി.എച്ച് സുബ്രഹ്‌മണ്യത്തിന്റെ വയലിന്‍ കച്ചേരിയും അവതരിപ്പിക്കും.

അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ കാര്‍ത്തിക സംഗീതസഭ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും വൈകുന്നേരം ആറരയ്ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരിയുമുണ്ടായിരിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.