പിതൃപ്രീതിക്കായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി; ബലിതര്‍പണം വീടുകള്‍ കേന്ദ്രീകരിച്ച്
പേരാമ്പ്ര: കര്‍ക്കിടക മാസത്തിലെ കറുത്തവാവു നാളില്‍ പിതൃപ്രീതിക്കായി ആയിരങ്ങള്‍ ബലിതര്‍പണം നടത്തി. ഇത്തവണ വീടുകളിലാണ് മിക്കവരും തര്‍പണം നടത്തിയത്. കോവിഡ് കാലമായതിനാല്‍ കൊയിലാണ്ടിയിലെ പ്രശസ്തമായ ഉരുപുണ്യ കാവ്, ഉപ്പാലക്കണ്ടി, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം തുടങ്ങിയ ബലിതര്‍പണ കേന്ദ്രങ്ങളില്‍ തര്‍പണം ഉണ്ടായിരുന്നില്ല. വീടുകള്‍ കേന്ദ്രീകരിച്ചാണ് ബലിതര്‍പണം നടത്തിയത്.
ബലിതര്‍പണം നടത്താന്‍ തലേ ദിവസം നോമ്പ് നോറ്റതിനു ശേഷമാണ് ചടങ്ങ്. പ്രത്യേക അടുപ്പില്‍ ബലിച്ചോറ് തയ്യാറാക്കിയ ശേഷം ചാണകം മെഴുകിയ തറയില്‍ നാക്കിലയില്‍ തീര്‍ഥം തളിക്കുന്നു. പിന്നീട് ബലിച്ചോര്‍ ഉരുളയാക്കി ഇലയില്‍ നിവേദിക്കുന്നു. ഇങ്ങിനെ ചെയ്ത ശേഷം എള്ള്, കടുക്, കറുക, ചെറുള തുടങ്ങിയവ വിതറിയ ശേഷം കിണ്ടിയിലെ വെള്ളമെടുത്ത് തൂകി കൈ കൊട്ടി കാക്കയെ അറിയിക്കുന്നു ഇതൊടെയാണ് തര്‍പണം പൂര്‍ത്തിയാകുന്നത്.