പിണങ്ങി പോയ ഭാര്യ കേക്കെടുത്ത് മുഖത്തടിച്ചു; പ്രതികാരം തീർക്കാൻ ഭാര്യ മാതാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
കോഴിക്കോട്: ഭാര്യയോടുള്ള പ്രതികാരം തീർക്കാനായി ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) നെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
കുടുംബത്തിനകത്തുള്ള പ്രശ്നങ്ങളാണ് അക്രമത്തിൽ എത്തിച്ചതെന്ന് പോലീസ്. പിണങ്ങി പോയ ഭാര്യക്ക് ന്യൂ ഇയർ കേക്കുമായി എത്തിയതായിരുന്നു ലിജിൻ. എന്നാൽ ഭാര്യ ആ കേക്ക് ലിജിന്റെ മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ലിജിൻ അമ്മായിയമ്മയെ ഉപദ്രവിച്ചത്.
ഗുരുതരമായ പരുക്കുകളോടെ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ ഏഴ് തുന്നിക്കെട്ടലുകൾ ഉണ്ട്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.45 നായിരുന്നു കേസിനാസ്പദമായ സംഭവം.