പിടിച്ചുപറിസംഘം പിടിയിൽ


കോഴിക്കോട്: ബസ് യാത്രക്കാരനെ ആക്രമിച്ച് പേഴ്സ് തട്ടിപ്പറിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് നാട്ടുകൽ സ്വദേശി പാലക്കുഴിയിൽ ശ്രീജിത്ത്, പേരാമ്പ്ര ചേനോളി പനമ്പറമ്മൽ പി.നിസാർ, നാദാപുരം പാറക്കടവ് കുനിയിൽ അബ്ദുൽ ജലീൽ എന്നിവരാണ് വെള്ളിയാഴ്ച ടൗൺ പോലീസിന്റെ പിടിയിലായത്.

കോഴിക്കോട് സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ബേപ്പൂർ സ്വദേശി ടി.കെ. സുരേഷിന്റെ പേഴ്സാണ് തട്ടിപ്പറിച്ചത്.

രണ്ടാം ഗേറ്റിന് സമീപം ബസിൽ നിന്നിറങ്ങുന്നതിനിടെ പ്രതികളിൽ ഒരാൾ സുരേഷിനെ തള്ളിയിടുകയായിരുന്നു. എഴുന്നേല്പിക്കാനെന്ന വ്യാജേന മൂന്ന് പേരെത്തി പോക്കറ്റിൽനിന്ന് ബലമായി പേഴ്സ് മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ടൗൺ പോലീസ് എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.