പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞടുത്ത് കരടി; ഉത്തരാഖണ്ഡില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കരടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്


ചമോലി: ഉത്തരാഖണ്ഡില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കരടി ആക്രമിക്കുന്നതിന്‍റെയും തുടർന്ന് അതിനെ വെടിവെച്ചുകൊല്ലുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ചമോലിയിലെ ജോഷിമഠ് മേഖലയില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനേതുടര്‍ന്നാണ് കരടിയെ വെടിവെച്ചുകൊന്നത്.

പ്രദേശവാസികളെ കരടി ആക്രമിച്ചതിനേ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ചെറു വീഡിയോയും എഎന്‍ഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രദേശത്തെത്തിയ 15 അംഗസംഘം കരടിയെ പിടികൂടാനായി വല എറിഞ്ഞുവെന്നും എന്നാല്‍ കരടി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും വനംവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ ജീവന്‍ രക്ഷിക്കാനായി വനംവകുപ്പ് കരടിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.