പി.ടി ഉഷ പ്രതിയായ ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: പരാതി വ്യാജമെന്ന് കമ്പനി അധികൃതര്‍


കോഴിക്കോട്: കായികതാരം പി.ടി. ഉഷ പ്രതിയായ ഫ്‌ലാറ്റ് തട്ടിപ്പ് കേസിലെ പരാതി വ്യാജമെന്ന് കമ്പനി അധികൃതര്‍. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ മെല്ലോ ഫൗണ്ടേഷന്‍ എംഡി ആര്‍ മുരളീധരന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്.

സ്ഥലമുടമ വസ്തു രജിസ്‌ട്രേഷന്‍ വൈകിച്ചതാണ് കാലതാമസമുണ്ടാകാന്‍ കാരണമായതെന്നാണ് മുരളീധരന്റെ വിശദീകരണം. ജെമ്മ ജോസഫിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് തടമ്പാട്ടുതാഴത്ത് മെല്ലോ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് വാങ്ങാനായി 46 ലക്ഷം രൂപ നല്‍കിയിട്ടും പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കുകയോ, നല്‍കിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു ജെമ്മ ജോസഫിന്റെ പരാതി.

യുവതിയില്‍ നിന്നും പണം വാങ്ങിയ കാര്യം മുരളീധരന്‍ നിഷേധിച്ചിട്ടില്ല. ജെമ്മ ജോസഫ് ബാക്കി നല്‍കാനുള്ള പണം നല്‍കി ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തുവാങ്ങുകയോ അല്ലെങ്കില്‍ കരാര്‍ പ്രകാരം തേഡ് പാര്‍ട്ടിയ്ക്ക് വില്‍ക്കുന്നതുവരെ കാത്തിരിക്കുകയോ ചെയ്യണമെന്നാണ് കമ്പനി അധികൃതരുടെ വാദം.

വസ്തു ഇടപാടില്‍ ഇടനിലക്കാരിയായി നിന്ന് പിടി ഉഷ വഞ്ചിച്ചെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പിടി ഉഷയ്ക്കും മുരളീധരനുമടക്കമുള്ളവര്‍ക്കെതിരെ വെള്ളയില്‍ പോലീസാണ് കേസെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.