‘പാലില്‍ പണി തരല്ലേ’; ക്ഷീര സംഘങ്ങളില്‍ നിന്ന് നികുതി പിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങത്ത് കർഷകരുടെ പ്രതിഷേധ ജ്വാല



തുറയൂര്‍: ക്ഷീരസംഘങ്ങളില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി പിരിക്കുന്നതിനെതിരെ പാലച്ചുവട് ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ക്ഷീരസംഘങ്ങളുടെ വരുമാനത്തില്‍നിന്നും ആദായനികുതി ചുമത്തുന്ന നടപടി കേന്ദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരകര്‍ഷകര്‍ പ്രതിഷേധിച്ചത്. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് 28ന് കേന്ദ്രം ഇറക്കിയ ഉത്തരവിലാണ് ആദായനികുതി നിയമത്തില്‍ 194 ക്യൂ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍വന്നു. ഇതുപ്രകാരം സാമ്പത്തികവര്‍ഷം 50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം പാല്‍വിലയായി മില്‍മയില്‍നിന്നും ലഭിക്കുന്ന എല്ലാ ക്ഷീരസംഘങ്ങളും 50 ലക്ഷത്തില്‍ അധിക തുകയ്ക്ക് 0.1 ശതമാനം ആദായ വകുപ്പിലേക്ക് അടയ്ക്കണം. ക്ഷീരസംഘങ്ങളെല്ലാം ചെറിയ മാര്‍ജിന്‍ എടുത്ത് ബാക്കി തുക കര്‍ഷകരിലേക്ക് എത്തിക്കുന്നുണ്ട്. സംഘങ്ങളുടെ വരുമാനത്തില്‍ ആദായ നികുതി ചുമത്തിയാല്‍ അത് ക്ഷീരകര്‍ഷകരെ കാര്യമായി ബാധിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന് കീഴിലെ 557 ക്ഷീരസംഘങ്ങളെ ബാധിക്കും. പാല്‍ വില്‍പ്പനയിലൂടെ സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള 482 സംഘങ്ങളാണ് യൂണിയന് കീഴിലുള്ളത്. ഇതിന് പുറമെ മറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, മറ്റ് വരുമാനങ്ങള്‍ എന്നിവയിലൂടെ 50 ലക്ഷം വരുമാനമുള്ള 75 സംഘങ്ങളുണ്ട്. ഇവരെയെല്ലാം കേന്ദ്രതീരുമാനം ബാധിക്കും.

പാലച്ചുവട് ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ എം. ഗംഗാധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടിയില്‍ സംഘത്തിന്റെ ഭരണ സമിതി അംഗങ്ങളും ക്ഷീര കര്‍ഷകരും, മറ്റു ക്ഷീര കര്‍ഷക സഹകാരികളും പങ്കെടുത്തു.