പാലാരിവട്ടം മേല്‍പ്പാലം നാളെ ഗതാഗതത്തിനായി തുറക്കും; ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാകില്ല
തിരുവനന്തപുരം: 100 വർഷത്തെ ഈട് ഉറപ്പ് നൽകിക്കൊണ്ട് പുനർനിർമ്മാണം നടത്തിയ പാലാരിവട്ടം മേൽപ്പാലം മാർച്ച് 7 ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കില്ല.
പുതിയ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും നാളെ സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. 47.70 കോടി രൂപ എസ്റ്റിമേറ്റിൽ നിർമ്മിച്ച പാലം തകർന്നപ്പോൾ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാർ, ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദർ എന്നിവർ നടത്തിയ പരിശോധനയുടേയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.
സർക്കാർ തീരുമാനത്തിനെതിരെ ഒരു കരാർ സംഘടനയും കരാറുകമ്പനിയും കേസ് നൽകിയെങ്കിലും ബഹു. സുപ്രീം കോടതി പുനർനിർമ്മാണത്തിനു അനുമതി നൽകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതു കൂടാതെ അന്നത്തെ നിർമ്മാണത്തിലെ പാളിച്ചകളും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജിലൻസിനോട് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
കാബിനറ്റ് തീരുമാനപ്രകാരം നിർമ്മാണ മേൽനോട്ടം ഡി.എം.ആർ.സി യെ ചുമതലപ്പെടുത്താനും നിർമ്മാണം നടത്താൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയേയും ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു നൽകി. 22.68 കോടി രൂപ പുനർനിർമ്മാണച്ചെലവു കണക്കാക്കിയ പ്രസ്തുത നിർമ്മാണത്തിനു 8 മാസക്കാലയളവു നൽകിയിരുന്നെങ്കിലും കരാർ കമ്പനി അഞ്ചര മാസത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തീകരിച്ചു എന്നത് അഭിമാനകരമാണ്.
ഭാരപരിശോധന തൃപ്തികരമായി പൂർത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റും 04.03.2021 ൽ ഡി.എം.ആർ.സി യിൽ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് ലഭിച്ചതായി മന്ത്രി അറിയിച്ചു. ഏനാത്ത് പാലത്തിലെ പ്രശ്നങ്ങൾക്കു ശേഷം പണി പൂർത്തിയായി തുറന്നു കൊടുക്കുന്ന പാലങ്ങൾക്കു ചീഫ് എഞ്ചിനീയർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടി പരിശോധിച്ചു പാലം ഗതാഗതത്തിനു തയ്യാറാണെന്നു സാക്ഷ്യപ്പെടുത്തണമെന്ന ഉത്തരവുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടം മേൽപ്പാലത്തിലും കമ്മിറ്റി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയോടെ ഉന്നതനിലവാരം പുലർത്തുന്ന പ്രധാനപ്പെട്ട അഞ്ചു നിർമ്മാണങ്ങളാണ് കൊല്ലം മുതൽ എറണാകുളം വരെ ദേശീയപാതയിൽ നടത്തിയിട്ടുള്ളത്. കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ, ഇപ്പോൾ പുനർനിർമ്മിച്ച പാലാരിവട്ടം മേൽപ്പാലവുമാണ് ഈ അഞ്ചു പ്രവൃത്തികൾ എന്നും ജി.സുധാകരൻ അറിയിച്ചു.