പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു


കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്നു. തലയോലപ്പറമ്പ് സ്വദേശി നിതിന മോള്‍ ആണ് മരിച്ചത്. വൈക്കം സ്വദേശി അഭിഷേക് ബൈജുവാണ്‌ കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ കഴുത്തില്‍ ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. മൂന്നാംവര്‍ഷ ബി.വി.ഒ.സി വിദ്യാര്‍ഥിനിയാണ് നിതിന. പരീക്ഷയെഴുതിയതിനുശേഷം ഇവര്‍ രണ്ടുപേരും കോളേജിന് പരിസരത്തെ ഗ്രൗണ്ടില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതിനുശേഷമാണ് കുട്ടികള്‍ നിതിന വീണു കിടക്കുന്നത് കണ്ടത്. അടുത്തു ചെന്ന് നോക്കിയപ്പോള്‍ രക്തംവാര്‍ന്നു കിടക്കുന്ന നിലയിലായിരുന്നെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ആണ്‍കുട്ടി തൊട്ടടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു. അപ്പോള്‍ തന്നെ കോളേജ് അധികൃതര്‍ നിതിനയെ ആശുപത്രിയിലെത്തിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.