പാറക്കടവില്‍ പെറ്റ് ഷോപ്പ് ഉടമ ലോക്ഡൗണില്‍ കുടുങ്ങി; ഭക്ഷണവും പരിചരണവുമില്ലാതെ മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി, കണ്ണ് നനയിക്കുന്ന കാഴ്ച
പാറക്കടവ്: രണ്ടാഴ്ചയോളം അടച്ചിട്ട പെറ്റ് ഷോപ്പിലെ ഓമനമൃഗങ്ങളും പക്ഷികളും ചത്ത നിലയില്‍. പരിചരണവും ഭക്ഷണവും കിട്ടാതെയാണ് ചത്തത്. പാറക്കടവ് വളയം റോഡിലെ അല്‍നബീര്‍ പെറ്റ് ഷോപ്പിലുണ്ടായിരുന്ന മുയലുകള്‍, പൂച്ച, ലൗ ബേര്‍ഡ്‌സ്, അലങ്കാര മത്സ്യങ്ങള്‍ എന്നിവയ്ക്കാണ് ദാരുണാന്ത്യം. ഉടമ നാസര്‍ ലോക്ഡൗണില്‍ ബെംഗളൂരുവില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് കട അടച്ചിടേണ്ടിവന്നത്.
ശനിയാഴ്ച രാവിലെ കടയുടെ പരസരത്തുനിന്ന് രൂക്ഷഗന്ധമുയര്‍ന്നതോടെ നാട്ടുകാര്‍ ഉടമയെ ബന്ധപ്പെട്ട് കട തുറന്ന് നോക്കിയപ്പോഴാണ് മൃഗങ്ങളും പക്ഷികളും ചത്തതായി കണ്ടത്. ജീര്‍ണിച്ചുതുടങ്ങിയ ജഡങ്ങള്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത് സംസ്‌കരിച്ചു. ആരോഗ്യ- മൃഗ സംരക്ഷണ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.
കടയുടമ നാസര്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ ബെംഗളൂരുവില്‍ പോയതായിരുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരിച്ചുവരാന്‍ പറ്റാതായി. കടയിലെ ഓമന ജീവികളെ പരിചരിക്കാനും ആഹാരംനല്‍കാനും ഒരാളെ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് നാസര്‍ പറയുന്നത്.