പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച കാറുമായി റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മുങ്ങി; മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായി
കോഴിക്കോട്: റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയയാള്‍ പാര്‍ക്ക് ചെയ്യാന്‍ എല്‍പ്പിച്ച കാറുമായി സെക്യൂരിറ്റി മുങ്ങി. റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വള്ളിക്കുന്ന് സ്വദേശി മുനീബാണ് കാറുമായി കടന്നുകളഞ്ഞത്. ഇയാളെ ചെമ്മങ്ങാട് പൊലീസ് പിടികൂടി.
ചങ്കുവെട്ടിയിലെ സൈന്‍ റസ്‌റ്റോറന്റിലാണ് സംഭവം. സയ്യിദ് സഫ്‌വാന്റെ കാറാണ് മോഷ്ടിക്കപ്പെട്ടത്. ജ്യേഷ്ഠന്റെ വിവാഹാവശ്യത്തിന് തുണിയെടുക്കാനായി എത്തിയതായിരുന്നു സഫ്‌വാനും കുടുംബവും. ശേഷം ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റില്‍ എത്തിയ ഇവര്‍ കാര്‍ പാര്‍ക്കു ചെയ്യാനായി മുനീബിന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോഴാണ് കാര്‍ കാണാനില്ലെന്ന് മനസിലായത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മുനീബ് തന്നെയാണ് കാര്‍ മോഷ്ടിച്ചതെന്ന് മനസിലായത്. തുടര്‍ന്ന് കോട്ടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറുമായി മുനീബ് കോഴിക്കോട്ടേക്കാണ് വന്നതെന്ന് കണ്ടെത്തി.
കോതി പാലത്തിനു സമീപത്ത് ചെമ്മങ്ങാട് എസ്.ഐ എ.കെ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം അമിതവേഗതയില്‍ വന്ന കാര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് കാര്‍ പിന്തുര്‍ന്ന സംഘം പരപ്പില്‍ ജംങ്ഷനില്‍ വെച്ച് വാഹനം തടഞ്ഞു. മുനീബ് ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.