പാമ്പ് കടിയേറ്റോ? ഒരു ലക്ഷം രൂപവരെ ചികിത്സാ സഹായം വനം വകുപ്പ് നല്‍കാം, മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 2 ലക്ഷം- അറിയേണ്ടതെല്ലാം
കോഴിക്കോട്: പാമ്പു കടിയേറ്റ് മരണമടയുന്നവരും ചികിത്സയ്ക്കായി പണം ഇല്ലാതെ വലയുന്നവരും നിരവധിയാണ്. അത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വനം വകുപ്പ്. പാമ്പുകടിയേറ്റാല്‍ ചികില്‍സാ സഹായവും നഷ്ടപരിഹാരവും ഉൾപ്പെടെ വനം വകുപ്പ് ഒരുക്കുന്ന സഹായങ്ങൾ നിരവധിയാണ്.
ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മാർഗവും ഇവർ അവലംബിച്ചിട്ടുണ്ട്. ഉപദ്രവകാരികളായ പാമ്പിന്റെ സാന്നിധ്യം വീട്ടിൽ അനുഭവപ്പെട്ടാലുടൻ തന്നെ നിങ്ങൾക്ക് വനം വകുപ്പിനെ ബന്ധപ്പെടാം. അവരെത്തി ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ട് വിടും. നിങ്ങളുടെ താമസ സ്ഥലമെവിടെയാണോ അതിനേറ്റവും അടുത്ത് വനം വകുപ്പ് നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്തി വിളിച്ചാൽ മതിയാകും. അതാതു സ്ഥലത്തിനടുത്തുള്ള വ്യക്തികളുടെ നമ്പർ കണ്ടെത്തുന്നതിനായി ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും ഇ-ഡിസ്‌ട്രിക്‌ട് എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിക്കാം.
വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കും. ചികിത്സാ ചെലവിനായി പരമാവധി ഒരു ലക്ഷം രൂപ വരെയായിരിക്കും ലഭിക്കുക. പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ ചെലവിന് പരിധിയുണ്ടാവില്ല. സ്ഥായിയായ അംഗവൈകല്യം സംഭവിച്ചവര്‍ക്കും മരണമടയുന്നവരുടെ ആശ്രിതര്‍ക്കും രണ്ട് ലക്ഷം രൂപ ലഭിക്കും. പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍ ചികിത്സയ്ക്ക് ശേഷം വിശ്രമം പറഞ്ഞിരിക്കുന്ന കാലയളവിലേക്കും നഷ്ടപ്പെട്ട തൊഴില്‍ ദിനത്തിനും നഷ്ടപരിഹാരം ലഭിക്കും.
അപേക്ഷയോടൊപ്പം ചികിത്സ നടത്തിയ രജിസ്‌ട്രേഡ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ആശുപത്രി ബില്ലുകള്‍, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച വണ്ടിയുടെ ട്രിപ് ഷീറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, ഡിസ്ചാര്‍ജ്ജ് സമ്മറി, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍ എന്നീ രേഖകളും നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.