പാമ്പും കോണിയും മുതല്‍ സെല്‍ഫി പോയിന്റ് വരെ; നവീകരിച്ച കോഴിക്കോട് ബീച്ച് നാടിന് സമര്‍പ്പിച്ചു


കോഴിക്കോട്‌: കാലം ചേർത്തുവച്ച കോഴിക്കോടിന്റെ അടയാളപ്പെടുത്തലുകളുമായി അണിഞ്ഞൊരുങ്ങിയ കോഴിക്കോട്‌ ബീച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. നാടിന്റെ സ്‌പന്ദനങ്ങളായി മാറിയ ബഷീറും പൊറ്റെക്കാട്ടുമടങ്ങിയ സാംസ്‌കാരിക നായകരുടെ വർണപടവുമായി ചിത്രഭിത്തി, വഴിവിളക്കുകളും കളി ഉപകരണങ്ങളുമായി ബീച്ച്‌ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്‌.

കോവിഡിനുശേഷമെത്തുന്ന സഞ്ചാരികൾക്കായി അടിമുടി മാറിയ ബീച്ച്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഓൺലൈനിലൂടെ നാടിന്‌ സമർപ്പിച്ചു. ജില്ലാ ഭരണകേന്ദ്രവും ഡിടിപിസിയും ചേർന്നാണ്‌ ബീച്ച്‌ നവീകരണം പൂർത്തീകരിച്ചത്‌. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുൽത്തകിടികളും ഒരുക്കിയിട്ടുണ്ട്.

മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ചടങ്ങില്‍ അദ്ധക്ഷത വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ് നവീകരിച്ച ബീച്ച് സന്ദർശിച്ചു. ഓൺലൈനിൽ നടന്ന ഉദ്‌ഘാടനശേഷമായിരുന്നു സന്ദർശനം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കലക്ടർ സാംബശിവറാവു, ഡിടിപിസി സെക്രട്ടറി സി പി ബീന എന്നിവർ മാന്ത്രിയോടെപ്പം ബീച്ചിലെത്തി.

സോളസ് ആഡ് സോലൂഷൻ എന്ന സ്ഥാപനവുമായി ചേർന്നു ഡിടിപിസി നടത്തിയ നവീകരണം ബീച്ചിനു പുതുമോടി മാത്രമല്ല സാംസ്കാരിക തനിമയും പകർന്നു. പുതിയ കാലത്തിനനുസരിച്ചു സെൽഫി പോയിന്റുകൾ ഗെയിം സോൺ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സാംസ്കാരിക പൈതൃകത്തെ അടുത്തറിയാൻ ചുമർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. 2018 ൽ ഈന്തപ്പനകളും തണൽമരങ്ങളും വച്ചു പിടിപ്പിച്ച സൗത്ത് ബീച്ചിൽ ഇപ്പോൾ ചുമർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

കോർപറേഷൻ ഓഫിസിനു മുൻവശം ബീച്ചിൽ ഐ ലവ് കാലിക്കറ്റ് എന്ന ലൈറ്റ് ബോർഡ് സ്ഥാപിച്ച സെൽഫി പോയിന്റും അൽപം തെക്കോട്ടു മാറി നമ്മുടെ കോഴിക്കോട് എന്ന ലൈറ്റ് ബോർഡ് സെൽഫി പോയിന്റും ഉണ്ട്. കുട്ടികൾക്കായി വലിയ ചെസ് ബോർഡും പാമ്പും കോണിയും ഉണ്ട്.

സൗത്ത് ബീച്ചിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും 2 വീതം ശുചിമുറി, ബീച്ചിന്റെ പല ഭാഗത്തായി 3 റാംപുകൾ തുടങ്ങിയവയും നിർമിച്ചിട്ടുണ്ട്. രാത്രി ബീച്ചിൽ 176 ആധുനിക ലൈറ്റുകൾ പ്രഭ ചൊരിയും. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി നിരീക്ഷണ ക്യാമറകൾ സദാ പ്രവർത്തിക്കും.