പാപ്പിനിശ്ശേരി പാലം മറ്റൊരു പാലാരിവെട്ടമോ; ക്രമക്കേട് കണ്ടെത്തി വിജിലൻസ്


കണ്ണൂർ: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് ഡയരക്ടർക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകും.

കഴിഞ്ഞ ദിവസം പാലത്തിൽ പരിശോധന നടത്തിയ വിദഗ്ധ സമിതി ബീമുകളിൽ വിള്ളലുകൾ ഉൾപ്പടെ നിരവധി ഗുരുതരമായ തകരാറുകൾ കണ്ടെത്തിയിരുന്നു. പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിലാണ് വിള്ളൽ കണ്ടെത്തിയത്. വിജിലൻസ് അന്വോഷണത്തിന്റെ ഭാഗമായാണ് സാങ്കേതിക വിദഗ്ധരടങ്ങിയ സംഘം പാലം പരിശോധിച്ചത്.

2013 ൽ യുഡിഎഫ് ഭരണകാലത്ത് നിർമ്മാണമാരംഭിച്ച പാലം 2017 ലാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. നിർമ്മാണ അപാകത കാരണം പൊളിച്ചു മാറ്റേണ്ടി വന്ന പാലാരിവെട്ടം പാലത്തിന്റെ കരാറുകാരായ ആർ.ഡി.എസ് കമ്പനിക്കാണ് പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെയും നിർമ്മാണക്കരാർ നൽകിയത്. കെ.എം.ഷാജി എം.എൽ.എ യുടെ അഴീക്കോട് മണ്ഡലത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്.