പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്.ബി.ഐ


കോഴിക്കോട്: പാന്‍ കാർഡും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുവാൻ വീണ്ടും ഉപഭോക്താക്കളോട് എസ്.ബി.ഐ നിർദേശിച്ചു. ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഇത് അത്യാവശ്യമാണെന്ന് എസ്.ബി.ഐ ട്വീറ്റ് ചെയ്തു. പല തവണ നീട്ടി വെച്ച ഈ നടപടി കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനതീയതി 2022 മാർച്ച്‌ 31 ലേക്കു മാറ്റിയത്. പാനും, ആധാറും ബന്ധിപ്പിക്കാതെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കുകയില്ല എന്ന മുന്നറിയിപ്പ് പലപ്രാവശ്യം കേന്ദ്ര സർക്കാരും നൽകിയിട്ടുണ്ട്.

എങ്ങനെ ബന്ധിപ്പിക്കും?

പാനും,ആധാറും എസ് എം എസ് വഴിയോ, ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ ബന്ധിപ്പിക്കാവുന്നതാണ്. എസ് എം എസ് വഴി ബന്ധിപ്പിക്കുന്നതിനായി UIDPAN<space><12-digit Aadhaar number><space><10-digit PAN> ടൈപ്പ് ചെയ്ത് 567678 ഈ നമ്പറിലേക്കോ അതല്ലെങ്കിൽ 56161ഇതിലേക്കോ അയക്കുക.

വെബ്സൈറ്റ് വഴി പാനും ആധാറും ബന്ധിപ്പിക്കുന്നതിനായി http://incometaxindiaefiling.gov.in എന്ന വെബ്സൈറ്റിൽ പോയി, ‘ഔർ സർവീസ്’ എന്നതിൽ പോയി ‘ ലിങ്ക് ആധാർ’ എന്നത് കൊടുക്കുക. അടുത്തതായി ചോദിക്കുന്ന വിവരങ്ങൾ മൊബൈൽ നമ്പർ അടക്കം കൊടുത്തശേഷം ‘സബ്മിറ്റ്’ ബട്ടൺ അമർത്തിയാൽ മതി.