പാണ്ടിപ്പാറയിൽ പോകാം; കാപ്പുമല, ഏച്ചുമല നമ്മുടെ നാടിനെന്താ സൗന്ദര്യം


അരിക്കുളം: ചുറ്റും വിസ്തൃതമായ വയലേലകളും കല്‍പ്പവൃക്ഷങ്ങളും. അതിനുമുകളില്‍ ഐതിഹ്യങ്ങള്‍ കേട്ടുമയങ്ങുന്ന പാണ്ടിപ്പാറ. പാണ്ടിപ്പാറയുടെ നിറുകയില്‍ എത്തിയാല്‍ അരിക്കുളത്തിന്റെ ഗ്രാമഭംഗ്യ പൂര്‍ണ്ണമായി ആസ്വദിക്കാവുന്ന അല്‍ഭുത കാഴ്ചകള്‍. അങ്ങു ദൂരെ ഏച്ചുമലയും, കാപ്പുമലയും, കണ്ണമ്പത്ത് മലയും. കണ്ണമ്പത്ത് അമ്പലവും, തിരുവങ്ങായൂര്‍ ശിവക്ഷേത്രവും.

അരിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാണ്ടിപ്പാറയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള ഭാവനാപൂര്‍ണ്ണമായ നടപടികള്‍ക്ക് തുടക്കമാവുകയാണ്. പ്രകൃതിയെ നോവിക്കാതെ, ആവാസ വ്യവസ്ഥയെ തകിടം മറിക്കാതെ, പ്രകൃതിയോടും, ഭൂപ്രദേശത്തോടും ചേര്‍ന്നുളള ടൂറിസം സാധ്യതകള്‍ ആരായുകയാണ് അരിക്കുളം ഗ്രാമ പഞ്ചായത്ത്. തുടക്കമെന്ന നിലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളടങ്ങിയ സംഘം പാണ്ടിപാറ സന്ദര്‍ശിച്ച് വികസന സാധ്യതകള്‍ മനസ്സിലാക്കി. വിശദമായ വികസന പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാര്‍ സഹായത്തോടെ ടൂറിസ്റ്റ് കേന്ദ്രമാക്കി പാണ്ടിപാറയെ മാറ്റുകയാണ് ലക്ഷ്യം.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 100 അടി ഉയരത്തിലുളള പാണ്ടിപ്പാറ എട്ട് ഹെക്ടര്‍ സ്ഥലത്തും വ്യാപിച്ചുകിടക്കുന്നു. അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളിന് സമീപത്ത് നിന്നുളള താഴ്‌വാത്തില്‍ നിന്നും, വാകമോളി എല്‍.പി സ്‌കൂളിന് സമീപത്തു നിന്നും മലയിലേക്ക് കയറാം. പാണ്ടിപ്പാറയ്ക്ക് മുകളില്‍ നിന്ന് നോക്കിയാല്‍ ദേശം മുഴുവന്‍ കാണാം. മനം കുളിപ്പിക്കുന്ന കാറ്റ് ഏവരും ഇഷ്ടപ്പെടും. അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും പാണ്ടിപ്പാറയുടെ നിറുകയിലേക്ക് ധാരാളം പേരെത്തുന്നുണ്ട്.

പ്രകൃതി മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാനും വിവാഹ വാതില്‍പ്പുറ ചിത്രീകരണത്തിനുമാണ് ആളുകള്‍ എത്തുന്നത്. ഏറ്റവും മുകളിലുള്ള കരിയത്തന്‍ പാറയില്‍ നിന്നു ചുറ്റുപാടും നേക്കിയാല്‍ കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങള്‍ കണാം. കുട്ടിച്ചാത്തനും കരിത്രാണ്ടനും തമ്മിലുളള സംഘര്‍ഷത്തെ തുടര്‍ന്ന്, കുട്ടിച്ചാത്തന്‍ കരിത്രാണ്ടനെ പാണ്ടി മലയിലേക്ക് എറിഞ്ഞുവെന്നും, കരിത്രാണ്ടന്‍ വീണ സ്ഥലമാണ് ഏറ്റവും മുകളിലുളള കരിയാത്തന്‍ പാറയെന്നുമാണ് ഐതിഹ്യം.

പാണ്ടിപ്പാറയ്ക്ക് മുകളിള്‍ തട്ടില്‍ വിശാലമായ സമതലവും വറ്റാത്ത നീരുറവയുണ്ട്. ഇവിടെക്കെത്താന്‍ റോഡ് സൗകര്യം ഏര്‍പ്പെടുത്തേണ്ടി വരും. പാറയ്ക്ക് മുകളില്‍ വിശ്രമ കേന്ദ്രം, മിനി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശുചിമുറി എന്നിവയെല്ലാം വേണ്ടി വരും. ദാഹമകറ്റാനും ലഘു ഭക്ഷണത്തിനുളള പാര്‍ലറുകളും വേണം. പാറക്ക് മുകളിലെയ്ക്കുള്ള റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ ആകര്‍ഷകമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പാണ്ടിപ്പാറയെ മാറ്റാം.