പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്


കൊയിലാണ്ടി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊയിലാണ്ടിയിൽ 828 ആയി.

കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. നാലുദിവസം മുന്‍പും 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.

വില വര്‍ധിച്ചതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 1600 പിന്നിട്ടു. സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാകുന്ന രീതിയിലാണ് പാചക വാതക വില വര്‍ധിക്കുന്നത്. വില വര്‍ധിച്ചിട്ടും സബ്‌സിഡി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയാറായിട്ടില്ല.

പാചകവാതകം 2013 വരെ സബ്സിഡി നിരക്കിലായിരുന്നു ലഭിച്ചിരുന്നത്. രണ്ടാം യു.പി.എ സർക്കാരാണ് വിപണി വിലയിൽ സിലിണ്ടർ എടുക്കണം എന്ന പരിഷ്കാരം കൊണ്ടുവന്നത്. സബ്സിഡി ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് സബ്സിഡി ലഭിക്കുന്നവരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചു. 2020 മെയ് മാസം മുതൽ സബ്സിഡിയും നിർത്തലാക്കി.