പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു


കെയിലാണ്ടി: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം പാചക വാതകത്തിന് 25 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. അടുപ്പ് കൂട്ടി സമരം ഏരിയ പ്രസിഡന്റ് കെ മിനി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നത്. 2020 ഡിസംബര്‍ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15-ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു. 126 രൂപയുടെ വര്‍ധനയാണ് പാചകവാതകത്തിനുണ്ടായത്. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 726 ആയി ഉയര്‍ന്നു.

സബ്‌സിഡി നിര്‍ത്തലാക്കിയതിന് ശേഷം രണ്ട് മാസത്തിനകം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 125 രൂപയാണ് വര്‍ധിപ്പിച്ചത്. ഏഴ് മാസമായി സബ്‌സിഡി നല്‍കുന്നുമില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധര്‍, ഏരിയ സെക്രട്ടറി എക്‌സ് ക്രിസ്റ്റിദാസ്, കമ്മിറ്റി അംഗങ്ങളായ വി വിനീജ, വി കെ ബിന്ദു, എന്‍ ജസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക