പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്


പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം സ്വന്തമാക്കിയിരുന്നു. രാജ്ഭവനില്‍ 10:45 നാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്ന കാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ മാത്രമേ നടക്കൂ എന്നാണ് വിവരം.


പശ്ചിമബംഗാളില്‍ 34 വര്‍ഷം ഭരിച്ച സിപിഐഎം സര്‍ക്കാരിനെ താഴെയിറക്കിയ ശേഷം 2011 ലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത്. 2016ല്‍ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു. പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനാല്‍ മമതയ്ക്ക് ആറ് മാസത്തിനുള്ളില്‍ വീണ്ടും ജനവിധി തേടണം.