പശുവിന് ഇനി പുല്ല് അല്ല, ചോക്ലേറ്റ് മതി; പാൽ കൂടാൻ പശുവിന് ചോക്ലേറ്റ് നൽകിയാൽ മതിയെന്ന് പഠനം


കോഴിക്കോട്‌: പശു പുല്ല് തിന്നും എന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാൽ, പശു ചോക്ലേറ്റ് തിന്നും എന്ന് കേട്ടിട്ടുണ്ടോ? പശുവിന് പാല്‍ കൂടാന്‍ ചോക്ലേറ്റ് കൊടുത്താല്‍ മതി എന്നാണ് പുതിയൊരു പഠനം പറയുന്നത്. ഇങ്ങനെ ചോക്ലേറ്റ് നല്‍കുന്നത് പശുക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശിലെ വെറ്ററിനറി സര്‍വകലാശാലയാണ്. ചോക്ലേറ്റ് നല്‍കുന്നതിലൂടെ പശുക്കളില്‍ പാലുത്പാദനവും പ്രത്യുല്‍പാദനവും വര്‍ധിക്കുമെന്നും സര്‍വകലാശാല ​ഗവേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു.

മധ്യപ്രദേശിലെ ജപല്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാനാജി ദേശ്‍മുഖ് വെറ്ററിനറി സര്‍വകലാശാല പറയുന്നത് പുല്ല് മാത്രമല്ല പശുക്കള്‍ക്ക് ചോക്ലേറ്റും നല്‍കാം എന്നാണ്. അതിനായി പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റാണ് പശുക്കള്‍ക്ക് നല്‍കേണ്ടത് എന്ന് സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയ എസ്.പി തിവാരി പറയുന്നു. അതിനായി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം കര്‍ഷകര്‍ക്ക് അത്തരം ചോക്ലേറ്റുകള്‍ വിതരണം ചെയ്യുമെന്നും ഇങ്ങനെയുള്ള ചോക്ലേറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് കര്‍ഷകരെ പഠിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മാത്രവുമല്ല, ഇത്തരം ചോക്ലേറ്റ് നിർമ്മിക്കാനുള്ള സ്റ്റാർട്ടപ്പിനെ കുറിച്ചും ചിന്തിക്കുന്നുണ്ട് എന്നും സർവകലാശാല വ്യക്തമാക്കുന്നു.

ഈ ചോക്ലേറ്റുകള്‍ തയ്യാറാക്കുന്നത് കാലിത്തീറ്റയുണ്ടാക്കാൻ സാധാരണയായി ഉപയോഗിച്ചു വരുന്ന ശര്‍ക്കര, ഉപ്പ്, ചുണ്ണാമ്പ് ഇവയെല്ലാം ചേര്‍ത്ത് തന്നെയാണ്. 500 ഗ്രാം വരുന്ന ഒരു ചോക്ലേറ്റിന് വില 25 രൂപയാണ്. രണ്ടുമാസത്തെ ഗവേഷണത്തിലാണ് വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ചോക്ലേറ്റ് സര്‍വകലാശാല നിര്‍മ്മിച്ചത്