പഴുത്ത അടയ്ക്കയും റംപൂട്ടാനും വവ്വാലുകള്‍ക്കു പ്രിയം; പുറംതോടിലെ വൈറസ് ഉള്ളിലെത്താനും സാധ്യത
കോഴിക്കോട്: നിപ്പ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ വില്ലനായത് റംപൂട്ടാനോ പഴുത്ത അടയ്ക്കയോ ആവാമെന്ന് നിഗമനം. മൃഗസംരക്ഷണ വകുപ്പ് കണ്ടെടുത്ത സാംപിളുകളില്‍ വവ്വാല്‍ കടിച്ച പച്ച റംപൂട്ടാന്‍ കായകളും. വിശദ പഠനത്തിനായി സാംപിളുകള്‍ ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയയ്ക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ബേബി പറഞ്ഞു.
കുട്ടിയുടെ പിതാവിന്റെ കൃഷിയിടത്തില്‍നിന്നു മൃഗസംരക്ഷണവകുപ്പ് സാംപിളുകള്‍ ശേഖരിച്ചിരുന്നു. റംപൂട്ടാന്‍ പഴത്തിന്റെ തോടിനു കട്ടിയുണ്ട്. സ്വന്തം കൃഷിയിടത്തിലെ പഴമായതിനാല്‍ വിശ്വാസത്തോടെ കുട്ടി കടിച്ചുമുറിച്ചു കഴിച്ചിട്ടുണ്ടാവാമെന്നാണ് വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നത്. പുറംതോടിലെ വൈറസ് അകത്തെത്താന്‍ ഇതും കാരണമാവാം.
സാധാരണയായി കിളികളും വവ്വാലുകളും പഴം കൊത്തിത്തിന്നുന്നതു പതിവാണ്. എന്നാല്‍ കൃഷിയിടത്തില്‍നിന്നു മൃഗസംരക്ഷണവകുപ്പ് കണ്ടെടുത്ത സാംപിളുകളില്‍ വവ്വാല്‍ കടിച്ച പച്ച റംപൂട്ടാനുമുണ്ട്. ഇത്തരത്തിലുള്ള മൂന്ന് പച്ച റംപൂട്ടാനാണ് പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുന്നത്. രോഗബാധയ്ക്കുള്ള മറ്റൊരു കാരണമാകാമെന്ന് വിദഗ്ധര്‍ കരുതുന്നത് വീടിനുചുറ്റുമുള്ള കവുങ്ങുകളുടെ സാന്നിധ്യമാണ്.
വവ്വാലുകള്‍ക്ക് റംപൂട്ടാനേക്കാള്‍ കൂടുതല്‍ പ്രിയപ്പെട്ടതാണ് പഴുത്ത അടയ്ക്ക. വവ്വാലുകള്‍ അടയ്ക്കയുടെ നീര് വലിച്ചുകുടിക്കുന്നതു പതിവാണ്. കുട്ടിയുടെ വീടിനു സമീപത്തും കൃഷിയിടത്തിലുമായി രണ്ട് അടയ്ക്കാത്തോട്ടമുണ്ട്. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുള്ള മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഈ സാഹചര്യത്തില്‍ റംപൂട്ടാന്‍ വഴിയായിരിക്കാം വൈറസ് ബാധയെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രധാനനിഗമനം.