പഴയ ഓര്‍മ്മകളുടെ ഞെട്ടലില്‍ ചങ്ങരോത്തുകാര്‍; കേരളത്തിന്റെ അതിജീവനമാതൃകയില്‍ പ്രതീക്ഷ
പേരാമ്പ്ര: കോഴിക്കോട് വീണ്ടും നിപാമരണം ഭീതി പരത്തുമ്പോള്‍ ചങ്ങരോത്തുകാരുടെ ഓര്‍മ്മയിലേക്കെത്തുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആശങ്കയുടെ രാപ്പകലുകളാണ്. 2018 മേയിലാണ് ചങ്ങരോത്തെ ഒരു കുടുംബത്തില്‍ അസാധാരണ രോഗം തലപൊക്കുന്നത്. മെയ് അഞ്ചിന് ഈ വീട്ടിലെ യുവാവ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചു. പിന്നാലെ യുവാവിന്റെ സഹോദരനും ആശുപത്രിയിലായി.
ഇവരുവരുടെയും രോഗ കാരണമറിയാതെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും ആശങ്കയിലായി. വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ ബാധിച്ചത് നിപ വൈറസാണെന്ന് കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായാണ് നിപ സ്ഥിരീകരിക്കുന്നതെന്നതിനാല്‍ കേരളക്കരയാകെ ഭീതിയൊടെയാണ് നിപാ എന്ന പേര് കേട്ടത്.
പതിനേഴ് പേരുടെ ജീവനാണ് അന്ന് നിപ കവര്‍ന്നത്. ആശുപത്രിയില്‍ രോഗിയുടെ അടുത്ത കട്ടിലിലുള്ളവരിലേക്കും കൂട്ടിരിപ്പുകാരിലേക്കും പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ രോഗത്തെ തിരിച്ചറിഞ്ഞ് മരണം 17ല്‍ നിര്‍ത്താനായത് ചരിത്രത്തിലെ മറ്റൊരു അപൂര്‍വത.
അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മുന്നിട്ടിറങ്ങി. ഒരു മാസത്തിനുള്ളില്‍ മാരക വൈറസിനെ പിടിച്ചുകെട്ടി. മുന്‍പരിചയമില്ലാത്ത രോഗമായിട്ടും വേഗത്തില്‍ തിരിച്ചറിഞ്ഞ് തഴേതട്ട് മുതല്‍ പ്രതിരോധമൊരുക്കി. സമ്പര്‍ക്കപട്ടികയുണ്ടാക്കി 2600 പേരെ നിരീക്ഷിച്ചു. 400 സാമ്പിള്‍ പരിശോധിച്ചു. മരണം 200 വരെ ഉയര്‍ന്നേക്കുമെന്ന് ഭയന്നു.
മരണസംഖ്യ നൂറിലേറെ ആയപ്പോഴാണ് മറ്റു പല രാജ്യങ്ങളിലും നിപായെ തിരിച്ചറിഞ്ഞതെങ്കില്‍, കേരളം രണ്ടാമത്തെ മരണത്തില്‍ രോഗഭീകരനെ കണ്ടെത്തി ലോകത്തിനാകെ മാതൃക കാട്ടി. രോഗികളുടെ ചികിത്സ, പകര്‍ച്ചസാധ്യതയുള്ളവരെ നിരീക്ഷിക്കല്‍, ശവസംസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍ അനുഭവം ഒന്നുമില്ലാതിരുന്നിട്ടും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കപ്പുറത്തെ ശ്രദ്ധയും മുന്‍കരുതലും പാലിക്കാന്‍ കേരളത്തിന് സാധിച്ചു. രണ്ട് പേര്‍ രോഗത്തെ അതിജീവിക്കുകയും ചെയ്തു. 2019ല്‍ കൊച്ചിയിലും യുവാവിന് രോഗബാധ ഉണ്ടായെങ്കിലും അയാളെയും രക്ഷപ്പെടുത്താനാനായി. ഈ മുന്‍മാതൃക തന്നെയാണ് ഇത്തവണയും നാടിന് ആത്മവിശ്വാസം.