പറക്കും പടക്കം, വെള്ളത്തിലിട്ടാലും കത്തും കമ്പിത്തിരി; വിഷു കളറാക്കാൻ എത്തീ പടക്ക ശേഖരം


കൊയിലാണ്ടി: ഇനി മൂന്നുനാൾ കഴിഞ്ഞാൽ വിഷു. പടക്കമില്ലാതെ വിഷു ആഘോഷമില്ല. അതിനാൽ പുതുമകളുടെ നിരയൊരുക്കി വിപണി ഉണർന്നു. പറക്കും പടക്കമാണ് പുതുമ. ഡ്രോൺ എന്നുപേര്. വില 300 രൂപ. കഴിഞ്ഞവർഷം വിഷുക്കാലം ലോക്ഡൗണായിരുന്നു.
അതിനാൽ വർഷത്തിൽ ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന വിഷുവിന് അന്ന് കച്ചവടം നനഞ്ഞ പടക്കംപോലെയായി.

എന്നാൽ, ഈ വർഷം പടക്കവിപണി രണ്ടുവർഷം മുമ്പത്തെ നിലയിലെത്തി. മിക്ക ഇനങ്ങൾക്കും വില കുറഞ്ഞു. കൈപൊള്ളാതെ ഇക്കുറി വിഷു ആഘോഷിക്കാം. നീണ്ട കോവിഡ് കാലത്തിനുശേഷം വിപണി ഉണർന്നപ്പോൾ ആവശ്യക്കാരുമേറി. വർഷത്തിൽ ഏറ്റവുമധികം പടക്കവിൽപ്പന നടക്കുന്നത് വിഷുവിനാണ്. ദീപാവലിക്കും കുറച്ച് വിൽപ്പനയുണ്ടാവും.

വെള്ളത്തിലിട്ടാലും കത്തും കമ്പിത്തിരി, 450 രൂപയുടെ ഗോൾഡൻ ഡക്ക്, 380-ന്റെ ഇന്ത്യൻ ഡിലൈറ്റ്, 60 രൂപയുടെ പോഗോ, 50 രൂപയുടെ കിഡ്ഡീസ് ജോയ്, 200-ന്റെ കളർ ഫാന്റസി തുടങ്ങി കുട്ടിമനസ്സുകളെ കീഴടക്കാൻ പുതിയ ഇനങ്ങൾ ഏറെ. മനോഹരമായ പായ്ക്കിൽ സിനിമാതാരങ്ങളുടെയും കാർട്ടൂൺ ഹീറോകളുടെയുമൊക്കെ ചിത്രമുണ്ടാവും. ഒപ്പം ഈ ഇനം പൊട്ടിയാലുണ്ടാവുന്ന ദൃശ്യവും ചിത്രീകരിച്ചിരിക്കും.

വെള്ളത്തിലിട്ടാലും കത്തുന്ന കമ്പിത്തിരി താരമാണ്. കുട്ടികൾക്ക് പ്രിയവും. കച്ചവടക്കാർ ഇത് പക്ഷേ, അധികം പ്രോത്സാഹിപ്പിക്കുന്നില്ല. തീപിടിച്ചാൽ കെടുത്താൻ വെള്ളമൊഴിച്ചാൽ പോര എന്നതുതന്നെ കാരണം. സുരക്ഷിതത്വമാണ് പ്രധാനം. കിറ്റ് ബോക്സുകളായി പലപല ഉത്‌പന്നങ്ങൾ ചേർത്തുള്ള പായ്ക്കുകളാണ് വിഷുവിന് കൂടുതലായി വിറ്റുപോകുന്നത്. ഒരുകാരണവശാലും കൈപൊള്ളില്ലാത്ത കൂൾ ഫയർ വർക്സിനോടാണ് പെൺകുട്ടികൾക്ക് ഇഷ്ടംകൂടുതൽ. സ്വർണവർണത്തിൽ പൊട്ടിവിരിയുന്ന പിക്കാച്ചു ഷെൽ കൊച്ചുകുട്ടികൾക്കിടയിൽ താരം.

ഇക്കുറി കച്ചവടം നന്നായി നടക്കുന്നുവെന്ന് മൊത്തവ്യാപാരിയായ കോയറോഡ് ജങ്‌ഷനിലെ അയ്യൻസ് വേൾഡ് ഉടമ പി. ഉദയശങ്കർ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശങ്ങളും ഹരിത പ്രോട്ടോേകാളും മറ്റും അനുസരിച്ചാണ് ഇപ്പോൾ പടക്കവിൽപ്പന. 500-ലേറെ ഇനങ്ങൾ മൊത്തവിൽപ്പനശാലയിലുണ്ട്. ശബ്ദം കുറച്ച്, പ്രകാശം കൂട്ടി എന്നതാണ് ഉത്‌പാദനഘട്ടം മുതൽ ഇപ്പോൾ ശ്രദ്ധിക്കുന്നത്. പുക കുറവുള്ള ഇനങ്ങളോടാണ് കടകളിൽ എത്തുന്ന ഉപയോക്താക്കൾക്ക് പ്രിയം.

ഗ്രീൻ പ്രോട്ടോകോളിനൊപ്പം കോവിഡ് പ്രോട്ടോകോളും പാലിക്കുന്നു. ഇതൊന്നുമില്ലാതെ വഴിയോരത്ത് ചെറിയ താത്‌കാലിക കടകളും വിഷു ലക്ഷ്യമാക്കി ഒരുക്കിയിട്ടുണ്ട്. ചെറുകിട വ്യാപാരികൾക്ക് ലൈസൻസ് കിട്ടില്ലെന്ന ആശങ്കയിലായിരുന്നു ഒരാഴ്ച മുമ്പുവരെ പടക്കവ്യാപാരികൾ. 265 പേരാണ് ഇങ്ങനെ ലൈസൻസ് കിട്ടാനായി കാത്തിരുന്നത്. ഇവർക്ക് ലൈസൻസ് കിട്ടിയതോടെ വിഷുക്കച്ചവടം ജോറാക്കാനൊരുങ്ങുകയാണ് അവർ.

പോലീസ്, അഗ്നിരക്ഷാസേന, റവന്യൂ വിഭാഗങ്ങളുടെ പരിശോധനയ്ക്കുശേഷമാണ് പടക്കവിൽപ്പനയ്ക്ക് അനുമതി നൽകുന്നത്. വിവിധ കാരണങ്ങളാൽ ഈ അനുമതിക്ക് നടപടിക്രമങ്ങൾ വൈകുകയായിരുന്നു. ജില്ലയിൽ പെട്രോളിയം ആൻഡ്‌ എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ ലൈസൻസുള്ള രണ്ടുവ്യാപാരികളേയുള്ളൂ. ബാക്കിയുള്ളവർക്ക് സ്റ്റേറ്റ് ലൈസൻസാണ്. എ.ഡി.എം. നൽകുന്ന ലൈസൻസ് പ്രകാരം 600 കിലോഗ്രാം പടക്കം വരെ വിൽപ്പന നടത്താം.