പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം; ചങ്ങരോത്തും പന്തിരിക്കരയിലുമായി അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി


പേരാമ്പ്ര: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ചങ്ങരോത്ത്, പന്തിരിക്കര എന്നിവിടങ്ങളിലെ അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ചങ്ങരോത്തെയും പന്തിരിക്കരയിലെയും പതിനഞ്ച് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ആറ് ജ്യൂസ് കടകള്‍, അഞ്ച് ഹോട്ടലുകള്‍, ഒരു ഗ്രോസറി കട എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇവയില്‍ രണ്ടിടങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച പന്തിരിക്കരയിലെ ഡി ബോക്‌സ് , വി.പി സ്റ്റോറീസ്, ലെമോറ കേക്ക്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ചങ്ങരോത്തെ ബ്ലാക്ക് പെപ്പര്‍ റെസ്റ്റോറന്റിനും പന്തിരിക്കരയിലെ അറേബ്യന്‍ റെസ്റ്റോറന്റിനുമെതിരെ ഷെഡ്യൂള്‍ നാല് പ്രകാരമുള്ള നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനുമുള്ള കോമ്പൗണ്ടിങ് നടപടിയാണ് സ്വീകരിച്ചത്.

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് പരിശോധനകൾക്ക് നേതൃത്വം നൽകി. ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ ഉന്മേഷ് പി.ജി, ലസിക എന്നിവരും പരിശോധനയിൽ പങ്കെടുത്തു.