പരിഭ്രാന്തരാവേണ്ട; വാക്സിനെടുക്കാം നിർദ്ദേശങ്ങൾ പാലിച്ച്, കൊയിലാണ്ടി സ്വദേശി സിയാബിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
കൊയിലാണ്ടി: വാക്സിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ തിരക്കും ബുദ്ധിമുട്ടുകളും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് വാക്സിൻ സംവിധാനത്തെ പറ്റി യുവാവ് നടത്തിയ കുറിപ്പ് ശ്രദ്ധേയമാവുന്നത്. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി സിയാബിന്റെ താണ് കുറിപ്പ്.
സിയാബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇന്നലെ രാത്രി നോമ്പ് തുറന്ന് കഴിഞ്ഞ് വെറുതെയൊന്ന് മൊബൈലിൽ കോവിൻ പോർട്ടലിൽ കയറി നോക്കി. ലോഗിൻ ചെയ്ത് ഷെഡ്യൂൾ ബട്ടൺ അമർത്തിയപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അറുപത് വാക്സിൻ ഇന്നത്തെ തിയ്യതിയിൽ (27-04-2021) ചാൻസ് ഉള്ളതായിക്കണ്ടു. നേരെയങ്ങ് അപ്പോയ്ന്റ്മെന്റ് ബട്ടണമർത്തി. പതിനൊന്ന് മണിയുടെയും ഒരു മണിയുടെയും ഇടയിലുള്ള സ്ലോട്ട് എടുത്ത് എന്റെ രണ്ടാമത്തെ ഡോസിന് അപ്പോയ്ന്റ്മെന്റ് നേടി.
മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഓർത്ത് ഒരു സർജിക്കൽ മാസ്ക്കും മറ്റൊരു എൻ 95 മാസ്ക്കുമൊക്കെ ധരിച്ച് ഇന്ന് രാവിലെ കൃത്യം പതിനൊന്ന് മണിക്ക് കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തി. പ്രവേശനകവാടം കടന്ന ഉടനെ വാക്‌സിനേഷൻ കേന്ദ്രമെന്ന് ബാനർ കണ്ട ഭാഗത്ത് പോയി. ടോക്കൺ കൗണ്ടറിൽ മൂന്നു പേർ മാത്രം. എനിക്ക് അറുപത്തഞ്ചാം നമ്പർ ടോക്കൺ ലഭിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ
കാത്തിരിക്കാൻ പറഞ്ഞു.
അവിടെയും ആറോ ഏഴോ പേർ മാത്രം 11.03ന് ടോക്കൺ ലഭിച്ച ഞാൻ 11.06ന് അകത്തു കടന്ന് ഡാറ്റാ എൻട്രി നടത്തി 11.07ന് വാക്‌സിൻ കുത്തിവെപ്പെടുത്തു.
നഴ്സ് അരമണിക്കൂർ അവിടെ ഇരിക്കാൻ പറഞ്ഞു. 11.37ന് നിരീക്ഷണ സമയം കഴിഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങി. മുപ്പത് മിനുട്ട് നിരീക്ഷണ സമയം കഴിച്ചാൽ വാക്‌സിനേഷന് ആകെ എടുത്ത സമയം വെറും നാല് മിനുട്ട്. ഹൃദ്യമായ പെരുമാറ്റം. ആത്മവിശ്വാസമേകുന്ന കരുതൽ. ആരോഗ്യ പ്രവർത്തകർക്ക്
ഒരിക്കൽക്കൂടി ബിഗ് സല്യൂട്ട്.
ഇത് എന്റെ നേരനുഭവമാണ്.
വാക്‌സിനേഷന് കഴിഞ്ഞ ആഴ്ച്ച ഓൺലൈൻ രെജിസ്ട്രേഷൻ മാത്രമാക്കിയതിന് ശേഷവും, അതറിയാതെയും പരിഭ്രാന്തികൊണ്ടും കൂടുതൽ ആളുകൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ തിരക്കിന് കാരണം. അപൂർവ്വമിടങ്ങളിൽ സാങ്കേതിക, ലോജിസ്റ്റിക് താമസങ്ങളുമുണ്ടായി.
വാക്സിനേഷന് ആരും
പരിഭ്രാന്തരാവേണ്ടതില്ല.
ചെറിയ വീഴ്ച്ചകളിൽ നിന്ന്
പാഠമുൾക്കൊണ്ട് മുന്നേറാൻ കഴിവുള്ള, ലോകോത്തര നിലവാരമുള്ള ഒരു ആരോഗ്യ സംവിധാനം നമുക്കുണ്ട്. അവരിലുള്ള നമ്മുടെ വിശ്വാസം പലതവണ ഊട്ടിയുറപ്പിച്ചവരാണവർ.
പരമാവധി അവരുമായി സഹകരിക്കുക. ഓൺലൈനിൽ ബുക്ക് ചെയ്ത് ലഭിച്ച സമയത്ത് മാത്രം പോയി വാക്‌സിൻ എടുക്കുക. ഓൺലൈൻ സേവനം അപ്രാപ്യമായവരെ കൂടി രജിസ്‌ട്രേഷൻ എടുക്കാൻ സഹായിക്കുക. വരും ദിവസങ്ങളിൽ കൂടുതൽ വേഗത്തിൽ പോർട്ടൽ ബുക്കിങ് സാധ്യമാവുമെന്ന് പ്രതീക്ഷിക്കാം. നമ്മൾ ഇതിനെയും അതിജീവിക്കുക തന്നെ ചെയ്യും.