പരാമര്‍ശം വിവാദമായി; ഇടുക്കി ഡി.സി.സി പ്രസിഡന്റിന് ഇനി മുടിവെട്ടണമെങ്കില്‍ ജില്ല കടക്കണം!


ഇടുക്കി: ബാർബർ ബ്യൂട്ടീഷ്യൻസ് മേഖലയിലുള്ള തൊഴിലാളികളെ അപമാനിച്ച് വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടന. പരാമർശം പിൻവലിച്ച് മാപ്പ് പറയാതെ ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബാർബർ തൊഴിലാളികൾ. വണ്ടിപ്പെരിയാറിൽ കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയായിരുന്നു സി.പി മാത്യുവിൻ്റെ വിവാദ പരാമർശം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഡിസിസി പ്രസിഡൻ്റ് തയ്യാറായില്ല.

കോൺഗ്രസ് പ്രതിഷേധത്തിൽ നടത്തിയ വിവാദ പ്രസ്താവന തലവേദനയായിരിക്കുകയാണ് ഇടുക്കി ഡിസിസി പ്രസിഡൻ്റിന്. ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി മാത്യുവാണ് കോൺഗ്രസിൻ്റെ ഒരു പ്രതിഷേധത്തിൽ ബാർബർമാർക്കെതിരായ പ്രസ്താവന നടത്തിയത്. വണ്ടിപ്പെരിയാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം നിർമിച്ച മാലിന്യക്കുഴി മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് സമരം.

ഡിസിസി പ്രസിഡൻറ് പറഞ്ഞതിങ്ങനെ: “മണ്മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണിൽപ്പോലും കിടക്കാൻ അനുവദിക്കില്ലെങ്കിൽ ഞങ്ങൾ ചെരയ്ക്കാനല്ല” നടക്കുന്നത് എന്നതായിരുന്നു പ്രയോഗം. തങ്ങളെ അധിക്ഷേപിച്ച ഡിസിസി പ്രസിഡൻ്റിൻ്റെ മുടി ഇനി വെട്ടേണ്ടതില്ലെന്ന് ബാർബർമാർ ഇതോടെ തീരുമാനിക്കുകയായിരുന്നു.

പ്രതിഷേധം നടത്തിയ ബാർബർ തൊഴിലാളികൾ പരാമർശത്തിൽ പ്രസിഡൻ്റ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനങ്ങളിൽ പ്രകടനം നടത്തിയ തൊഴിലാളികൾ നയം പ്രഖ്യാപിച്ചു. ഇതോടെയാണ് പ്രതിഷേധം കുരുക്കായത്. വിവാദ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ സി.പി മാത്യു തയ്യാറായിട്ടില്ല.ഇതോടെ ഇനി ഇദ്ദേഹത്തിന് മുടി വെട്ടാൻ ഇനി ജില്ല കടക്കണമെന്ന സ്ഥിതിയായി.